സുജിത് ദാസ് 'കടക്ക് പുറത്ത്'; സസ്‌പെന്റ് ചെയ്ത് മുഖ്യമന്ത്രി, 'വിക്കറ്റ് നമ്പര്‍ 1' എന്ന് അന്‍വര്‍


സുജിത് ദാസ് 'കടക്ക് പുറത്ത്'; സസ്‌പെന്റ് ചെയ്ത് മുഖ്യമന്ത്രി, 'വിക്കറ്റ് നമ്പര്‍ 1' എന്ന് അന്‍വര്‍


തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആയിരുന്ന സുജിത് ദാസ് ഐപിഎസിന് സസ്‌പെന്‍ഷന്‍. സുജിത് ദാസിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. സുജിത് ദാസ് ഗുരുതരമായ ചട്ടലംഘനം നടത്തി എന്ന് ഡിജിപി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ സ്വാധീനിക്കാനുള്ള സുജിത് ദാസിന്റെ ഫോണ്‍ സംഭാഷണം പുറത്തായിരുന്നു.

ഇത് സംബന്ധിച്ച് ഗുരുതര ചട്ടലംഘനമാണ് സുജിത് ദാസ് നടത്തിയത് എന്നായിരുന്നു ഡിജിപി, മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇതിനെ തുടര്‍ന്നാണ് നടപടി. പി വി അന്‍വറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും സുജിത് ദാസ് സര്‍വീസ് ചട്ടം ലംഘിച്ചുവെന്നുമാണ് ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്.

ഈ റിപ്പോര്‍ട്ടാണ് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറിയത്. പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായത് എന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കത്തിന് എംഎല്‍എയെ പ്രേരിപ്പിച്ചത് ഗുരുതരമായ ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എസ്പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന പരാതി പിന്‍വലിക്കണം എന്നായിരുന്നു സുജിത് ദാസിന്റെ ആവശ്യം.

ഇതിന് വേണ്ടിയാണ് സുജിത് ദാസ് എം എല്‍ എയെ വിളിച്ചത്. ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്നും നിലവിലെ മലപ്പുറം എസ്പി ശശിധരനുമായുള്ള വിഷയത്തില്‍ തന്നെ വലിച്ചിഴയ്ക്കരുത് എന്നുമായിരുന്നു എസ്പി എംഎല്‍എയോട് അഭ്യര്‍ത്ഥിച്ചിരുന്നത്. 25 വര്‍ഷത്തെ സര്‍വീസ് ഉണ്ടെന്നും അത്രയും കാലം താന്‍ എംഎല്‍എയോട് കടപ്പെട്ടിരിക്കുമെന്നായിരുന്നു സുജിത് ദാസ് പറഞ്ഞത്.

എ ഡി ജി പി അജിത് കുമാറിനെതിരെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയ്‌ക്കെതിരേയും അദ്ദേഹം സംസാരിച്ചിരുന്നു. ശശിയുടെ വലംകൈയാണ് അജിത് കുമാര്‍ എന്നും പൊളിറ്റിക്കല്‍ സെക്രട്ടറി പറയുന്നത് ചെയ്ത് കൊടുക്കുന്നതുകൊണ്ടാണ് അയാള്‍ക്കിത്ര ശക്തി എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് മലപ്പുറം എസ്പി ശശിധരനെ സ്ഥലം മാറ്റാത്തതെന്നും സുജിത് ദാസ് ചോദിച്ചിരുന്നു.

അതേസമയം സുജിത് ദാസിന്റെ സസ്‌പെന്‍ഷന് പിന്നാലെ വിക്കറ്റ് നമ്പര്‍ വണ്‍ എന്നായിരുന്നു അന്‍വര്‍ പ്രതികരിച്ചത്. ഒരു പുഴക്കുത്ത് പുറത്തേക്ക് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉന്നയിച്ചത്.