കൊച്ചി: 16 വര്‍ഷത്തിനുശേഷം ഉന്നയിക്കപ്പെട്ട ബലാത്സംഗപരാതി പ്രഥമദൃഷ്ട്യാ വിശ്വാസയോഗ്യമല്ലെന്നു ഹൈക്കോടതി. പരാതി നല്‍കാന്‍ ദീര്‍ഘകാലം വൈകിയതും ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും പരിഗണിച്ചാണു കോടതി നിരീക്ഷണം.
തുടര്‍ന്ന്, പത്തനംതിട്ട സ്വദേശി ബിജു പി. വിദ്യയ്‌ക്കെതിരായ ബലാത്സംഗക്കേസ് കോടതി റദ്ദാക്കി. പ്രതി 2001-ല്‍ ബലാത്സംഗം ചെയ്‌തെന്നായിരുന്നു യുവതിയുടെ പരാതി. എന്നാല്‍, കേസില്‍ പ്രഥമവിവരമൊഴി നല്‍കിയത് 2017-ലാണെന്നു ജസ്റ്റിസ് എ. ബദറുദ്ദീന്‍ ചൂണ്ടിക്കാട്ടി. വിവാഹിതയും അമ്മയുമായ യുവതിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
നാലുപേര്‍ക്കെതിരേയാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, മൂന്നുപേരെ ഒഴിവാക്കി തനിക്കെതിരേ മാത്രമാണ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയതെന്നും കുറ്റം വെളിപ്പെടുത്താന്‍ 16 വര്‍ഷം വൈകിയെന്നും ബിജു ചൂണ്ടിക്കാട്ടി.
ബന്ധം തുടരുന്നതിനിടെ 20 ലക്ഷം രൂപ പരാതിക്കാരി കടം വാങ്ങിയതു തിരികെ നല്‍കിയിട്ടില്ലെന്നും പ്രതി ബോധിപ്പിച്ചു. ഇതുകൂടി പരിഗണിക്കുമ്പോള്‍ ഗൂഢലക്ഷ്യത്തോടെയാണു പരാതിക്കാരിയുടെ ആരോപണമെന്നു കോടതി നിരീക്ഷിച്ചു.