കഴുത്തിൽ കെട്ടിത്തൂക്കിയ രേഖകളുമായി കളക്ട്രേറ്റിൽ ഇഴഞ്ഞെത്തി വയോധികൻ; ഈ വ്യത്യസ്ത പ്രതിഷേധത്തിനൊരു കാരണമുണ്ട്

കഴുത്തിൽ കെട്ടിത്തൂക്കിയ രേഖകളുമായി കളക്ട്രേറ്റിൽ ഇഴഞ്ഞെത്തി വയോധികൻ; ഈ വ്യത്യസ്ത പ്രതിഷേധത്തിനൊരു കാരണമുണ്ട്


ഭോപ്പാൽ: മധ്യപ്രദേശിലെ നീമുച്ചിൽ അഴിമതിക്കെതിരായ തന്‍റെ പരാതികൾ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി വയോധികന്‍റെ വ്യത്യസ്തമായ പ്രതിഷേധം. രേഖകൾ കഴുത്തിൽ  മാല പോലെ തൂക്കിയിട്ട് റോഡിൽ ഇഴഞ്ഞാണ് പരാതിക്കാരൻ കളക്ടറേറ്റിൽ എത്തിയത്. നീമുച്ച് സ്വദേശി മുകേഷ് പ്രജാപതിന്‍റെ വ്യത്യസ്ത പ്രതിഷേധത്തിന്‍റെ  ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായി. 

എല്ലാ ചൊവ്വാഴ്ചയും നീമുച്ച് ജില്ലാ കളക്ടറുടെ ഓഫീസിൽ ജനങ്ങളുടെ പരാതികൾ കേൾക്കാൻ പബ്ലിക് ഹിയറിംഗ് നടത്താറുണ്ട്. ഈ യോഗത്തിലേക്കാണ് കുറേ രേഖകൾ കയറിൽ കെട്ടി കഴുത്തിൽ തൂക്കിയിട്ട്  മുകേഷ് പ്രജാപതി ഇഴഞ്ഞും ഉരുണ്ടും എത്തിയത്. അഴിമതിക്കാരനായ വില്ലേജ് ഓഫീസർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ആറോ ഏഴോ വർഷത്തിലേറെയായി പരാതിപ്പെടുന്നുവെങ്കിലും വില്ലേജ് ഓഫീസർക്കെതിരെ നടപടിയെടുത്തില്ലെന്നാണ് മുകേഷ് പ്രജാപതിന്‍റെ ആരോപണം. വില്ലേജ് ഓഫീസർ നടത്തിയ അഴിമതി തെളിയിക്കുന്ന രേഖകളാണ് താൻ കഴുത്തിൽ കെട്ടിത്തൂക്കിയതെന്നും അദ്ദേഹം പറഞ്ഞു. 

മുകേഷ് പ്രജാപതി ഉന്നയിച്ച ആരോപണങ്ങളിൽ പഞ്ചായത്തും ഗ്രാമ വികസന വകുപ്പും ഇതിനകം അന്വേഷണം നടത്തിയിട്ടുണ്ടെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് മംമ്ത ഖേഡെ പറഞ്ഞു. പരാതികളിൽ പുതിയ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലാ കളക്ടർ ഹിമാൻഷു ചന്ദ്ര അറിയിച്ചു. ഗ്രാമത്തിൽ പോയി പരാതികൾ പരിശോധിക്കാൻ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. 

മധ്യപ്രദേശ് കോൺഗ്രസ് ഉള്‍പ്പെടെ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങൾ പങ്കുവെച്ചു. പരാതികളും തെളിവുകളുമായി ഇഴഞ്ഞ് വരേണ്ടി വരുന്നത് മോഹൻ യാദവ് സർക്കാരിന്‍റെ നിസ്സഹായാവസ്ഥ ചൂണ്ടിക്കാട്ടുന്നു. നീതി തേടിയാണ് മുകേഷ് പ്രജാപതി കളക്ടറുടെ ഓഫീസിൽ എത്തിയത് എന്നു കുറിച്ചാണ് ദൃശ്യങ്ങൾ പങ്കുവെച്ചത്.