തിരുവനന്തപുരം: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ജാമ്യം തള്ളിയ നടന്‍ സിദ്ദിഖ് നിയമത്തെ വെല്ലുവിളിക്കുകയാണ് എന്ന് സംസ്ഥാന സര്‍ക്കാര്‍. സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കളയണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയിട്ടും ഉന്നതരുടെ തണലില്‍ കഴിയുകയാണ് നടനെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
നിയമത്തെ അംഗീകരിക്കാന്‍ മടി കാണിച്ച് ഒളിച്ചിരിക്കുകയാണ് സിദ്ദീഖ് എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സമൂഹത്തില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന ആളാണ് സിദ്ദീഖ് എന്നും അദ്ദേഹത്തെ പോലെയുള്ള ഉന്നതര്‍ നിയമത്തെ വെല്ലുവിളിക്കുന്നുവെന്നും സര്‍ക്കാര്‍ പറയുന്നു. ഇക്കാര്യം പരിഗണിച്ച് ജാമ്യം തള്ളണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. സിദ്ദീഖ് ഒളിവില്‍ കഴിയുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളടക്കം കോടതിയെ അറിയിക്കാനാണ് തീരുമാനം.
തിങ്കളാഴ്ചയാണ് സിദ്ദീഖിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുന്നത്. അതേസമയം ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ട് ദിവസങ്ങളായെങ്കിലും ഇതുവരെയും സിദ്ദീഖിനെ അറസ്റ്റ് ചെയ്യാത്തതില്‍ അന്വേഷണ സംഘത്തിനെതിരെ ആക്ഷേപമുയരുന്നുണ്ട്. ഇതിനിടെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. കൊച്ചിയില്‍ ഉന്നതരുടെ സംരക്ഷണയിലാണ് സിദ്ദിഖ് ഉള്ളത് എന്നാണ് അന്വേഷണ സംഘം പറയുന്നത്.
ഇതിന്റെ തെളിവു ലഭിച്ചിട്ടുണ്ട്. ലുക്ക് ഔട്ട് നോട്ടിസും മറ്റ് സംസ്ഥാനങ്ങളില്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയതുള്‍പ്പെടെ വിവരങ്ങള്‍ കോടതിയെ ധരിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി എസ്പി മെറിന്‍ ജോസഫും സംഘവും ഡല്‍ഹിയിലേക്കെത്തും. അതേസമയം സിദ്ദീഖ് നാല് ദിവസം മുമ്പ് വരെ കൊച്ചിയില്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയ ദിവസവും സിദ്ദിഖ് കൊച്ചിയില്‍ ഉണ്ടായിരുന്നു.
ഹൈക്കോടതിക്ക് തൊട്ടടുത്തുള്ള നോട്ടറിയില്‍ എത്തിയാണ് സുപ്രീം കോടതിയില്‍ നല്‍കാനുള്ള രേഖകള്‍ സിദ്ദീഖ് ഒപ്പിട്ട് നല്‍കിയത് എന്നാണ് വിവരം. അതേസമയം സിദ്ദീഖുമായി അടുത്ത ബന്ധമുള്ള സിനിമാതാരങ്ങള്‍ പൊലീസ് നിരീക്ഷണത്തിലാണ്. കൊച്ചിയിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് സിദ്ദീഖ് ബലാത്സംഗം ചെയ്തു എന്ന് യുവനടിയാണ് പരാതി നല്‍കിയിരിക്കുന്നത്.
നടിയുടെ പരാതി ശരിവെയ്ക്കുന്ന ഒന്നിലധികം തെളിവുകളും സാക്ഷി മൊഴികളും പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. നടി പറഞ്ഞ ഹോട്ടലില്‍ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. പീഡനം നടന്നതായി നടി പറഞ്ഞ ദിവസം സിദ്ദീഖ് ഈ ഹോട്ടലില്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്.
പീഡനത്തിന് ശേഷം സിദ്ദീഖ് കഴിച്ച ഭക്ഷണത്തിന്റെ വിവരങ്ങള്‍ നടി പരാതിയില്‍ പറഞ്ഞിരുന്നു. ഇതിനെ സാധൂകരിക്കുന്ന ബില്ലും ലഭിച്ചിട്ടുണ്ട്. സിദ്ദീഖിനെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതരമായ വകുപ്പുകളാണ് എന്നും കേസിന്റെ ഗൗരവം പരിഗണിച്ച് മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ല എന്നുമാണ് ഹൈക്കോടതി പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് സിദ്ദീഖ് സുപ്രീം കോടതിയെ സമീപിച്ചത്.
നടി ഒരു കള്ളസാക്ഷിയെ സൃഷ്ടിച്ച് തനിക്കെതിരെ ആരോപണം ഉന്നയിക്കുകയാണ് എന്നാണ് സിദ്ദീഖ് പറയുന്നത്. പരാതിയില്‍ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം പരിഗണിക്കാതെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത് എന്നും സിദ്ദിഖ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. സിദ്ദിഖിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷക്കെതിരെ സുപ്രീംകോടതിയില്‍ അതിജീവിത തടസ ഹര്‍ജി നല്‍കിയിട്ടുണ്ട്.