കോഴിക്കോട്: സ്‌കൂളിലേക്ക് പോകാനായി കയറിയ ബസിൽ നിന്ന് തെറിച്ചുവീണ വിദ്യാർഥിക്ക് പരിക്കേറ്റു. വാളൂരിലെ ചെക്യോട്ട് അബ്ദുറഹ്‌മാന്റെ മകനും നൊച്ചാട് ഹയര്‍സെക്കന്ററിയിലെ എട്ടാം ക്ലാസ് വിദ്യാർഥിയുമായ ഹാമിദി (13) നാണ് പരിക്കേറ്റത്. ഹാമിദിന്റെ ഇടത് കൈക്ക് പൊട്ടലേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ 9.50 ഓടെ മുളിയങ്ങല്‍ ബസ് സ്‌റ്റോപ്പില്‍ വച്ചാണ് അപകടമുണ്ടായത്. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന എസ്റ്റീം ബസില്‍ കൂടെയുണ്ടായിരുന്നവരെല്ലാം കയറിയ ശേഷം ഹാമിദ് കയറുകയായിരുന്നു. ഇതിനിടയില്‍ ഡ്രൈവര്‍ അശ്രദ്ധമായി വണ്ടി മുന്നോട്ടെടുക്കുകയും പിടിവിട്ട് ഹാമിദ് പുറത്തേക്ക് വീഴുകയുമായിരുന്നു. സംഭവം കണ്ട് അവിടെയുണ്ടായിരുന്നവര്‍ ബഹളം വച്ചെങ്കിലും ബസ് നിര്‍ത്താതെ പോയി.
ഓടിക്കൂടിയ നാട്ടുകാര്‍ വിദ്യാര്‍ത്ഥിയെ ഓട്ടോ വിളിച്ച് വീട്ടില്‍ എത്തിക്കുകയായിരുന്നു. പിന്നീട് കൈക്ക് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാരാണ് ഹാമിദിനെ ആശുപത്രിയില്‍ എത്തിച്ചത്. രക്ഷിതാവിന്റെ പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ പേരാമ്പ്ര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്‌കൂള്‍ സമയങ്ങളില്‍ സ്റ്റോപ്പില്‍ നിര്‍ത്താന്‍ പല സ്വകാര്യ ബസ് ജീവനക്കാരും തയ്യാറാവുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രദേശത്ത് ഇത്തരം സംഭവങ്ങള്‍ സ്ഥിരമാണെന്നും നാട്ടുകാര്‍ പറഞ്ഞു.