തിരുവനന്തപുരം: ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികരിച്ച് നടന്‍ നിവിൻ പോളി. തനിക്കെതിരെ ഉയര്‍ന്ന കുറ്റാരോപണം അസത്യമാണെന്ന് നിവിൻ പോളി പ്രതികരിച്ചു. സത്യം തെളിയിക്കാൻ ഏത് അറ്റം വരെയും പോകുമെന്ന് നിവിൻ പോളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കോതമംഗലം സ്വദേശിയായ യുവതിയാണ് നിവിൻ പോളിയടക്കമുള്ളവർക്കെതിരെ പീഡന പരാതി നൽകിയത്. പരാതിയിൽ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) യുവതിയുടെ മൊഴി എടുത്തിരുന്നു. ഇതിന് ശേഷമാണ് കേസെടുക്കാൻ തീരുമാനിച്ചത്. കോതമംഗലം ഊന്നുകൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ഒന്നാം പ്രതി ശ്രേയ എന്ന സ്ത്രീയാണ്. നിവിൻ പോളി ആറാം പ്രതിയാണ്. രണ്ടാം പ്രതി നിർമതാവ് എ കെ സുനിൽ, മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീർ, അഞ്ചാം പ്രതി കുട്ടൻ എന്നിവരാണ്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ ദിവസമാണ് യുവതി പരാതി നൽകിയത്. എറണാകുളം റൂറൽ എസ് പിക്കാണ് യുവതി പരാതി നൽകിയത്. ശ്രേയയുടെ സാനിധ്യത്തിൽ മറ്റ് അഞ്ച് പ്രതികൾ ബലാത്സംഗം ചെയ്‌തെന്നാണ് യുവതി എസ് ഐ ടിക്ക് മൊഴി നൽകിയത്. ഊന്നുകൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് എസ് ഐ ടിക്ക് കൈമാറിയിട്ടുണ്ട്. ബലാത്സംഗം (376), സ്ത്രീത്വത്തെ അപമാനിച്ചു (354), 376 ഡി എന്നീ വകുപ്പുകളാണ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇനി എസ് ഐ ടിയാകും അന്വേഷണം നടത്തുക.