നെതന്യഹുവിനെ വെല്ലുവിളിച്ച് ജനം തെരുവില്‍; ബാങ്കുകള്‍ അടച്ചു; വിമാന സര്‍വീസുകള്‍ നിലച്ചു; സ്തംഭിച്ച് ഇസ്രയേല്‍

നെതന്യഹുവിനെ വെല്ലുവിളിച്ച് ജനം തെരുവില്‍; ബാങ്കുകള്‍ അടച്ചു; വിമാന സര്‍വീസുകള്‍ നിലച്ചു; സ്തംഭിച്ച് ഇസ്രയേല്‍


ഹമാസ്  ബന്ദികളാക്കിയ പൗരന്‍മാരെ മോചിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് തൊഴിലാളി സംഘടനകള്‍ നടത്തിയ ഏകദിന പണിമുടക്കില്‍ സ്തംഭിച്ച് ഇസ്രയേല്‍. ബെന്യാമിന്‍ നെതന്യഹു സമാധാന ശ്രമങ്ങളെ അട്ടിമറിക്കുകയാണെന്നും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സ്തംഭിപ്പിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.

രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഹിസ്റ്റഡ്രറ്റ് ആഹ്വാനം ചെയ്ത പണിമുടക്കില്‍ ഇന്നലെ വ്യാപാര- വ്യവസായ സ്ഥാനപങ്ങളുടെയടക്കം പ്രവര്‍ത്തനം നിലച്ചു. ബാങ്കുകളും ഷോപ്പിങ് മാളുകളും അടച്ചിട്ടു. പണിമുടക്കില്‍ വിമാന സര്‍വീസുകളും നിലച്ചു.

ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ അന്താരാരഷ്ട വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. രാജ്യവ്യാപക പ്രതിഷേധത്തില്‍ അഞ്ചുലക്ഷത്തോളം പേര്‍ അണിചേര്‍ന്നു. ജനങ്ങള്‍ കൂട്ടം ചേര്‍ന്ന് ടെല്‍ അവീവിലടക്കം പ്രധാന വീഥികള്‍ ഉപരോധിച്ചു. ഹമാസുമായുള്ള ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോകുന്നത് അവസാനിപ്പിക്കണമെന്നും ഉടന്‍ വെടിനിര്‍ത്തി ബാക്കിയുള്ള ബന്ദികളെയെങ്കിലും മോചിപ്പിക്കണമെന്നും പ്രക്ഷോഭകര്‍ മുദ്രാവാക്യം മുഴക്കി. വിവിധയിടങ്ങളില്‍ പ്രക്ഷോഭകരും പൊലീസും ഏറ്റുമുട്ടി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.

ബന്ദിപ്രശ്‌നത്തിന്റെ പേരില്‍ ഇസ്രയേലില്‍ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് അവസാനിപ്പിക്കണമെന്നു ലേബര്‍ കോടതി ഉത്തരവിട്ടെങ്കിലും ഫലമുണ്ടായില്ല.
തിങ്കളാഴ്ചത്തെ വിധിയില്‍ കോടതി സര്‍ക്കാരിനൊപ്പം നിന്നു. സമരം രാഷ്ട്രീയ പ്രേരിതമാണെന്നും കോടതി പറഞ്ഞു.

ഹമാസ്  കസ്റ്റഡിയിലായിരുന്ന ആറു ബന്ദികളുടെ മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം ഇസ്രേലി സേന ഗാസയില്‍നിന്നു വീണ്ടെടുത്തിരുന്നു. ബന്ദികള്‍ കൊല്ലപ്പെട്ടതില്‍ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കുറ്റപ്പെടുത്തി ബന്ദികളുടെ കുടുംബാംഗങ്ങള്‍ രംഗത്തു വന്നിരുന്നു.