എം.എം. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന ആവശ്യം തള്ളി; ഹിയറിംഗിനിടെ ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തിയ അഭിഭാഷകനെതിരെ കേസ്

എം.എം. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന ആവശ്യം തള്ളി; ഹിയറിംഗിനിടെ ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തിയ അഭിഭാഷകനെതിരെ കേസ്



സി.പി.എം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം പള്ളിയില്‍ സംസ്‌കരിക്കണമെന്ന മകള്‍ ആശയുടെ ആവശ്യം തള്ളി. മൃതദേഹം വൈദ്യപഠനത്തിനായി ഉപയോഗിക്കുമെന്ന് പ്രത്യേക സമിതി അറിയിച്ചു. അനാട്ടമി ആക്ട് അനുസരിച്ചാണ് അനുമതി പത്രമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.

എറണാകുളം ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അധ്യക്ഷനായ സമിതിയുടേതാണു തീരുമാനം. മൃതദേഹം എംബാം ചെയ്തു സൂക്ഷിക്കാന്‍ അനാട്ടമി വിഭാഗത്തിനു കൈമാറും.  പ്രിന്‍സിപ്പല്‍ ഡോ. എം.എസ്. പ്രതാപ് സോംനാഥ് അധ്യക്ഷനായ സമിതി നടത്തിയ ഹിയറിംഗില്‍ മക്കളായ അഡ്വ. എം.എല്‍. സജീവന്‍, സുജാത ബോബന്‍, ആശ എന്നിവരും മറ്റു രണ്ട് ബന്ധുക്കളും മൊഴി നല്‍കിയിരുന്നു. ഇതു പരിശോധിച്ചശേഷം രാത്രി ഒമ്പതോടെയാണു സമിതി തീരുമാനം പ്രഖ്യാപിച്ചത്.

ലോറന്‍സിന്റെ മൂന്ന് മക്കളില്‍ ഒരാളായ ആശ ലോറന്‍സാണ് പിതാവിന്റെ മൃതദേഹം പഠനാവശ്യത്തിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് ഹൈകോടതിയെ സമീപിച്ചത്. എന്നാല്‍, രേഖാമൂലം സമ്മതപത്രമില്ലെങ്കിലും മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറണമെന്ന ആഗ്രഹം പിതാവ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കാണിച്ച് മറ്റ് രണ്ട് മക്കള്‍ സത്യവാങ്മൂലവും നല്‍കി. 1957ലെ അനാട്ടമി ആക്ട് പ്രകാരം മൃതദേഹം പഠനാവശ്യത്തിന് കൈമാറാന്‍ മരണപ്പെട്ടയാള്‍ രേഖാമൂലം നല്‍കിയ സമ്മതപത്രമോ അവസാന നാളുകളിലെങ്കിലും രണ്ടോ അതിലധികമോ പേരോട് വാക്കാല്‍ നല്‍കിയ നിര്‍ദേശമോ ആവശ്യമാണ്.

ഇതോടെയാണ് മൃതദേഹം ഏറ്റെടുക്കാന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് കോടതി നിര്‍ദേശം നല്‍കിയത്. അതേസമയം, ഹിയറിംഗിനിടെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘത്തെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ അഭിഭാഷകനെതിരേ കേസെടുത്തു.

ലോറന്‍സിന്റെ മകള്‍ ആശയ്ക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ ആര്‍. കൃഷ്ണരാജാണു ഫോണിലൂടെ വധഭീഷണി മുഴക്കിയത്. ഹിയറിംഗില്‍ ലോറന്‍സിന്റെ മക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കുന്നതിനിടെയാണ് ഫോണ്‍ വന്നത്.

ആശയ്ക്കൊപ്പമെത്തിയ കൃഷ്ണരാജിന്റെ ജൂണിയര്‍ അഭിഭാഷക ലക്ഷ്മിപ്രിയയുടെ ഫോണിലേക്കായിരുന്നു കോള്‍. അവര്‍ ലൗഡ് സ്പീക്കറിലിട്ട് കൃഷ്ണരാജിന്റെ ഭീഷണി ഡോക്ടര്‍മാരെ കേള്‍പ്പിക്കുകയായിരുന്നു.