1 വർഷം മുൻപ് നവീകരണത്തിനു ഉടമ്പടി വച്ച വിളക്കോട് - അയ്യപ്പൻകാവ്,പെരുമ്പുന്ന - എടത്തൊട്ടി പ്രവൃത്തികളിൽ നിന്നു കരാറുകാർ പിൻവാങ്ങി

സമയ ബന്ധിതമായി പൂർത്തിയാക്കാതെ ജെൽ ജീവൻ മിഷൻ പദ്ധതി
റോഡ് നവീകരണം പ്രതിസന്ധിയിലെന്ന് വിമർശനം 

@ameen 




ഇരിട്ടി: ജലജീവൻ മിഷൻ പദ്ധതി പ്രവൃത്തികൾ സമയബന്ധിതമായി നടപ്പാക്കാത്തതിനാൽ റോഡ് നവീകരണം എല്ലായിടത്തും പ്രതിസന്ധിയിലെന്നു വിമർശനം. സണ്ണി ജോസഫ് എംഎൽഎ വിളിച്ച പേരാവൂർ നിയോജക മണ്ഡലം തല മരാമത്ത് - കെഎസ്‌ടിപി - കെആർഎഫ്ബി അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച കടുത്ത  വിമർശനം ഉയർന്നത്. പ്രതിസന്ധി പരിഹരിക്കുന്നതിന്  മരാമത്ത് - ജല അതോറിറ്റി ഉദ്യോഗസ്‌ഥരുടെ സംയുക്‌ത യോഗം ഉടൻ വിളിക്കാനും യോഗത്തിൽ  തീരുമാനിച്ചു. 
ജല ജീവൻ മിഷൻ പദ്ധതികളുടെ ഭാഗമായ പൈപ്പ് ലൈൻ സ്‌ഥാപിക്കൽ  എല്ലായിടത്തും ഇഴഞ്ഞുനീങ്ങുകയാണ്. 1 വർഷം മുൻപ് നവീകരണത്തിനു ഉടമ്പടി വച്ച പെരുമ്പുന്ന - എടത്തൊട്ടി (3.85 കോടി രൂപ), വിളക്കോട് - അയ്യപ്പൻകാവ് (3 കോടി രൂപ) പ്രവൃത്തികളിൽ നിന്നു കരാറുകാർ പിൻവാങ്ങി. ജൽ ജീവൻ മിഷൻ അധികൃതരുടെ മെല്ലെപ്പോക്ക് മൂലം പ്രവൃത്തി നടത്താനാവാതെ കരാർ ഒഴിവാകുകയായിരുന്നു. ഇതുമൂലം  പുതിയ ടിഎസ് ലഭ്യമാക്കി റീടെൻഡർ വിളിക്കേണ്ട സാഹചര്യമാണെണ് ഉണ്ടായിട്ടുള്ളതെന്ന്  മരാമത്ത് റോഡ്‌സ് വിഭാഗം പ്രതിനിധി ചൂണ്ടിക്കാട്ടി. 
5 കോടി രൂപയ്ക്ക് കരാർ നൽകിയ ഇരിട്ടി - പേരാവൂർ റോഡ് നവീകരണവും ഇതുമൂലം  ആരംഭിക്കാൻ കഴിയുന്നില്ല. എടൂർ -  വെമ്പുഴ പാലത്തിൻ്റെ അപ്രോച്ച് സ്ലാബ് വാർപ്പ് 20 ദിവസത്തിനുള്ളിൽ നടത്തും. മലയോര ഹൈവേ വള്ളിത്തോട് - മണത്തണ റോഡ് നിലവാരം മെച്ചപ്പെടുത്തൽ പ്രവൃത്തികളും കുടിവെള്ള പദ്ധതി പൈപ്പിടൽ പൂർത്തിയാക്കുന്നതനുസരിച്ച് ഊർജിതമാക്കും. താലൂക്ക് ആസ്‌ഥാനത്തേക്ക്  എത്തുന്ന മാടത്തിൽ - കീഴ്പ്‌പള്ളി - ആറളം ഫാം - പാലപ്പുഴ റോഡിൻ്റെ പുനർനിർമാണം സിആർഎഫ് ഫണ്ട് പദ്ധതിയിൽ നിർദേശിക്കും. 10 വർഷത്തിലധികമായി നവീകരണം നടത്താത്ത ഈ റോഡിൻ്റെ പ്രാധാന്യം കണക്കിലെടുത്ത് വീതി കൂട്ടി നവീകരിക്കണം. 
ആറളം ഫാം ആനമതിൽ നിർമ്മാണം പുനരാരംഭിച്ചെങ്കിലും പ്രവൃത്തികൾ ഊർജിതമല്ലെന്നും വിമർശനം ഉയർന്നു. മതിൽ സ്‌ഥാപിക്കേണ്ട വളയംചാൽ മുതൽ പുളിമരംതട്ട് വരെ നിലവിൽ മതിൽ ഉള്ള 5 കിലോമീറ്റർ ദൂരം മുറിക്കേണ്ട 164 മരങ്ങൾക്ക് സോഷ്യൽ ഫോറസ്ട്രി വിഭാഗം വില നിർണയം നടത്തി നൽകാത്തതാണ്  തടസ്സം. വില നിർണയം ലഭിച്ച ശേഷം വേണം മരം മുറിക്ക് ടെൻഡർ വിളിക്കാനെന്നും ബന്ധപ്പെട്ട പ്രതിനിധികൾ ചൂണ്ടിക്കാട്ടി. 
യോഗത്തിൽ എംഎൽഎ സണ്ണി ജോസഫ്  അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. വേലായുധൻ, എക്‌സിക്യൂട്ടീവ് എൻജിനീയർ ഷാജി തയ്യിൽ (മരാമത്ത് കെട്ടിട നിർമാണ വിഭാഗം), അസിസ്‌റ്റൻ്റ് എക്‌സിക്യൂട്ടീവ് എൻജിനീയർമാരായ ഷീല ചോറൻ (റോഡ്‌സ്‌), കെ.ആശിഷ് കുമാർ (കെ എസ് ടി പി ), അസിസ്റ്റന്റ് എൻജിനീയർമാരായ ടി.വി. രേഷ്‌മ (റോഡ്‌സ്), പി.സനില (കെട്ടിട നിർമാണ വിഭാഗം), സി.ബിനോയി (പാലം), കെ. രേഷ്‌മ (കെഎസ്ടിപി), ഐ.കെ.മിഥുൻ (അറ്റകുറ്റപ്പണി വിഭാഗം), കെആർഎഫ്ബി സീനിയർ സൂപ്രണ്ട് കെ. ദിജേഷ് കുമാർ, എംഎൽഎ പി.എ. മുഹമ്മദ് ജസീർ എന്നിവർ പ്രസംഗിച്ചു.