കണ്ണൂര്‍:കണ്ണൂർ ആറളം ഫാമിൽ അനുമതി ഇല്ലാതെ 17 സംരക്ഷിത മരങ്ങൾ മുറിച്ചു.പുനർകൃഷിക്കായി നിലമൊരുക്കാൻ പാഴ്മരങ്ങൾ മുറിക്കാൻ കരാറെടുത്തവരാണ് ഇരൂൾ ഉൾപ്പെടെയുള്ള മരങ്ങളും മുറിച്ച് കടത്തിയത്.ക്രമക്കേടിൽ കരാറുകാരനെതിരെ ഫാം അഡ്മിനിസ്ട്രേറ്റർ പൊലീസിൽ പരാതി നൽകി.ആറളം ഫാം അഞ്ചാം ബ്ലോക്കിലെ 1500 ഏക്കർ കൈതച്ചക്കകൃഷിക്കായി പാട്ടത്തിന് കൊടുത്തിരുന്നു . ഇവിടെയുണ്ടായിരുന്ന പാഴ്മരങ്ങൾ മുറിക്കാനാണ് ഇരിക്കൂറിലെ സ്വകാര്യവ്യക്തിക്ക് കരാർ നൽകിയത്.
ഇതിന്‍റെ മറവിലായിരുന്നു അനധികൃതമരംമുറി. ഇരൂൾ, ആഞ്ഞിലി ഉൾപ്പെടെയുള്ള സംരക്ഷിത മരങ്ങളാണ് ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ മുറിച്ചത്. മഴക്കാലമായതോടെ മുറിച്ച മരങ്ങൾ കൊണ്ടുപോകാൻ സാധിക്കാതെ ഫാമിൽ തന്നെ സൂക്ഷിക്കേണ്ടി വന്നു. ഈ കാലയളവിൽ ആണ് കരാറുകാരൻ അനധികൃതമായി 17 മരങ്ങൾ മുറിച്ചുവെന്ന് കണ്ടെത്തുന്നത്. തുടർന്ന് കരാറുകാരനോട് വിശദീകരണം ആവശ്യപ്പെടുകയും അന്വേഷണത്തിനായി ഫാം സൂപ്രണ്ടുൾപ്പെടെയുള്ള കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
ഫാം ഭരണസമിതി അന്വേഷണത്തിലും അനധികൃത മരംമുറി കണ്ടെത്തി. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫാം ജീവനക്കാർ ജോലി കഴിഞ്ഞു പോയതിനു ശേഷമാണ് സംരക്ഷിത മരങ്ങൾ കരാറുകാർ മുറിച്ചത് എന്നാണ് വിവരം. പാഴ്മരങ്ങൾക്കിടയിൽ ഒളിപ്പിച്ചാണ് തടികൾ കടത്തിയത്. അനധികൃത മരം മുറിയിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ മുഖ്യമന്ത്രിക്കും മന്ത്രി ഒ ആർ കേളുവിനും കത്ത് നൽകി.