ഹിസ്ബുല്ല ആക്രമണം: ലബനാനിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 10 ഇസ്രായേൽ സൈനികർ; ഗസ്സയിൽ മൂന്ന് സൈനികരെ ഹമാസ് വധിച്ചു

ഹിസ്ബുല്ല ആക്രമണം: ലബനാനിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 10 ഇസ്രായേൽ സൈനികർ; ഗസ്സയിൽ മൂന്ന് സൈനികരെ ഹമാസ് വധിച്ചു

ബെയ്റൂത്ത്/ഗസ്സ: ഗസ്സയിലും ലബനാനിലും വ്യോമാക്രമണവും കൂട്ടക്കുരുതിയും തുടരുന്നതിനിടെ ഇസ്രായേലിന്വീണ്ടും തിരിച്ചടി. ലബനാനിൽ ഹിസ്ബുല്ല ആക്രമണത്തിൽ അഞ്ച് സൈനികർ കൂടി കൊല്ലപ്പെട്ടു. ഇതോടെ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം പത്തായി. തെക്കൻ ലബനാനിൽ ഹിസ്ബുല്ല ആക്രമണത്തിൽ പത്ത് സൈനികർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇത്രയും സൈനികർ കൊല്ലപ്പെട്ടത്. വ്യാഴാഴ്‌ച തെക്കൻ ലബനാനിലെ ഗ്രൗണ്ട് ഓപറേഷനു വേണ്ടി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനിടെ നടത്തിയ റോക്കറ്റ് ആക്രമണത്തിൽകൊല്ലപ്പെട്ട അഞ്ച് സൈനികരുടെ പേരുകൾ നേരത്തെ ഐഡിഎഫ് പുറത്തുവിട്ടിരുന്നു. റിസർവ് സൈനികരായ മേജർ ഡാൻ മാവോറി (43), ക്യാപ്റ്റൻ അലോൻ സഫ്രായ് (28), വാറന്റ് ഓഫീസർമാരായ ഓംരി ലോതൻ (47), ഗയ് ഇദാൻ (51), മാസ്റ്റർ സർജന്റ് ടോം സെഗൽ (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിൽ 19 പേർക്ക് പരിക്കേറ്റു. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്.