70,000 രൂപയുടെ പന്തൽ, നോക്കുകൂലിയായി ആവശ്യപ്പെട്ടത് 25,000 രൂപ..! ചുമട്ടുതൊഴിലാളികൾക്ക് എതിരെ നടപടി
തിരുവനന്തപുരം: വൻതുക നോക്കുകൂലിയായി ആവശ്യപ്പെട്ട സംഭവത്തിൽ തിരുവനന്തപുരത്ത് പത്ത് ചുമട്ടു തൊഴിലാളികൾക്ക് എതിരെ നടപടി. സിനിമാ ചിത്രീകരണത്തിനായി എത്തിച്ച സാമഗ്രികൾ ഇറക്കാൻ 25,000 രൂപ നോക്കുകൂലിയായി ചോദിച്ച സംഭവത്തിലാണ് മന്ത്രി ഇടപെട്ടത് തൊഴിലാളികൾക്ക് എതിരെ കർശന നടപടി സ്വീകരിച്ചത്. മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശ പ്രകാരമാണ് തൊഴിലാളികൾക്ക് എതിരെ നടപടിയെടുത്തത്.
സംഭവത്തിൽ ഉൾപ്പെട്ട പത്ത് തൊഴിലാളികളുടെ ക്ഷേമനിധി അംഗത്വം സസ്‌പെൻഡ് ചെയ്യാനാണ് നിർദ്ദേശം. ക്ഷേമനിധി ബോർഡ് ചെയർമാനാണ് നടപടിയെടുത്തത്. മന്ത്രിയുടെ നിർദ്ദേശം വന്നതിന് പിന്നാലെ ഇവരെ പുറത്താക്കുകയായിരുന്നു. തിരുവനന്തപുരം സ്‌റ്റാച്യു മേഖലയിലെ ചുമട്ടുതൊഴിലാളികൾക്ക് എതിരെയാണ് ഉടനടി നടപടിയുണ്ടായത്.
ഇന്നലെയായിരുന്നു വിവാദത്തിന് ആധാരമായ സംഭവം നടന്നത്. സിനിമാ ചിത്രീകരണത്തിനായി പന്തൽ നിർമ്മിക്കേണ്ട സാമഗ്രികളായിരുന്നു ലോറിയിൽ എത്തിച്ചത്. സെൻട്രൽ സ്‌റ്റേഡിയത്തിൽ ഇറക്കനായിരുന്നു തീരുമാനം. എന്നാൽ ഇവിടേക്ക് ചുമട്ടുതൊഴിലാളികളുടെ ഒരു സംഘമെത്തിയാണ് അന്യായമായ രീതിയിൽ നോക്കുകൂലി ചോദിച്ചതെന്നാണ് ലഭ്യമായ വിവരം.
70,000 രൂപയ്ക്കാണ് പന്തൽ നിർമ്മിക്കാൻ ജോലിക്കാരൻ കരാർ ഏറ്റെടുത്തിരുന്നത്. എന്നാൽ അതിൽ നിന്ന് 25,000 രൂപ നോക്കുകൂലിയായി ചോദിക്കുകയായിരുന്നു. പതിനായിരം രൂപ വരെ നൽകാം എന്നായിരുന്നു കരാറുകാരൻ പറഞ്ഞത്. എങ്കിലും ഇത് ചെവിക്കൊള്ളാൻ ചുമട്ടുതൊഴിലാളികൾ തയ്യാറായില്ല. എന്ന് മാത്രമല്ല ലോറിയിൽ നിന്ന് സാധനങ്ങൾ ഇറക്കുന്നത് തൊഴിലാളികൾ ഇടപെട്ട് തടസപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തിരുന്നു.
ഇതിന് പിന്നാലെയാണ് കരാറുകാരൻ പോലീസിലും മന്ത്രി വി ശിവൻകുട്ടിക്കും പരാതി നൽകിയത്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് എത്തി കാര്യങ്ങൾ പരിശോധിച്ചപ്പോൾ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കൂടാതെ മന്ത്രിയുടെ നിർദ്ദേശപ്രകാരം ചുമട്ടുതൊഴിലാളി ബോർഡ് പ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.
തുടർന്ന് മന്ത്രി തന്നെ ക്ഷേമനിധി ബോർഡ് ചെയർമാന് ഇത് സംബന്ധിച്ച നിർദ്ദേശം നൽകുകയായിരുന്നു. ആരോപണവിധേയരായ പത്ത് തൊഴിലാളികളെയാണ് സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവർ ജോലിക്ക് എത്തേണ്ടെന്നാണ് നിർദ്ദേശം. മന്ത്രിയുടെ ഇടപെടൽ ഉണ്ടായതോടെ കരാറുകാരൻ തന്നെ സാധനങ്ങൾ ഇറക്കി വയ്ക്കുകയായിരുന്നു.
ഏകദേശം മൂവായിരം ചതുരശ്ര അടി വരുന്ന പന്തലിന്റെ സാമഗ്രികളാണ് ഇതിൽ ഉണ്ടായിരുന്നത്. ഷീറ്റുകളും ഇരുമ്പ് കമ്പനികളും ഉൾപ്പെടുന്ന വസ്‌തുക്കൾ മാത്രമാണ് ഇറക്കാനുള്ളത്. ഇതിനാണ് മൂന്നിരട്ടിയോളം തുക ഇവർ ആവശ്യപ്പെട്ടത്. നോക്കുകൂലി സമ്പ്രദായം കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന സർക്കാർ ആണയിടുന്ന വേളയിലാണ് ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നത്.