വീട്ടിൽ പാചകം ചെയ്തുകൊണ്ടിരുന്ന വനിതാ ഡോക്ടറെ യുവാവ് ആക്രമിച്ചു; അക്രമിയെ കീഴ്പ്പെടുത്തി ഭ‍‍ർത്താവ്

വീട്ടിൽ പാചകം ചെയ്തുകൊണ്ടിരുന്ന വനിതാ ഡോക്ടറെ യുവാവ് ആക്രമിച്ചു; അക്രമിയെ കീഴ്പ്പെടുത്തി ഭ‍‍ർത്താവ്


ആലപ്പുഴ: വീട്ടിൽ പാചകം ചെയ്തുകൊണ്ടിരുന്ന വനിതാ ഡോക്ടറെ യുവാവ് അക്രമിച്ചു. സംഭവത്തിൽ കഴുത്തിന് പരിക്കേറ്റ ഡോക്ടറെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ കലവൂരിൽ ആയിരുന്നു സംഭവം. ഇവർ വീട്ടിൽ പാചകം ചെയ്യുന്നതിനിടെ യുവാവ് അതിക്രമിച്ചു കയറി പിന്നിലൂടെ എത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തെ മണ്ണഞ്ചേരി ആർപ്പുക്കര സ്വദേശിയായ സുനിൽ ലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. 

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം ഉണ്ടായത്. ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഡോക്ടർ അഞ്ജുവിന് നേരെയാണ് അക്രമണം ഉണ്ടായത്. വീടിന് പിന്നിലെ മതിൽ ചാടിക്കടന്ന് അക്രമി അ‌ഞ്ജുവിന്റെ അടുത്തെത്തിയത്. ഇവരുടെ കഴുത്തിന് കുത്തിപ്പിടിച്ച് യുവാവ് ആക്രമിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ ഇവർക്കൊപ്പം ഭർത്താവും വീട്ടിലുണ്ടായിരുന്നു. തുടർന്ന് ബഹളം കേട്ട് ഭർത്താവ് എത്തി അക്രമിയെ കീഴ്പ്പെടുത്തി. പൊലീസ് കസ്റ്റഡിയിലെടുത്ത സുനിൽ ലാലിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ആക്രമിക്കാൻ ഉണ്ടായ കാരണം ഇപ്പോഴും വ്യക്തമല്ല. ഇയാൾ ലഹരിക്കടിമയാണെന്നാണ് പൊലീസ് കരുതുന്നത്.