മട്ടന്നൂരിലെ അച്ചടക്ക നടപടി: കണ്ണൂർ സിറ്റി പോലീസിൽ അതൃപ്‌തി പടരുന്നു, രാഷ്ട്രീയ ഇടപെടലിൽ വിമർശനം

മട്ടന്നൂരിലെ അച്ചടക്ക നടപടി: കണ്ണൂർ സിറ്റി പോലീസിൽ അതൃപ്‌തി പടരുന്നു, രാഷ്ട്രീയ ഇടപെടലിൽ വിമർശനം


















മട്ടന്നൂർ : മട്ടന്നൂർ സ്റ്റേഷനിലെ പോലീസുകാരെ അച്ചടക്ക നടപടിയുടെ പേരിൽ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടിയിൽ കണ്ണൂർ സിറ്റി പോലീസ് സേനയിൽ അതൃപ്തി പടരുന്നു. മട്ടന്നൂരിൽ ദേശാഭിമാനി ലേഖകനെ പോളിടെക്നിക്ക് കോളേജിലെ തിരഞ്ഞെടുപ്പുമായി കസ്റ്റഡിയിലെടുത്ത അഞ്ചു പോലീസുകാരെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ രംഗത്തുവന്നത്. തങ്ങൾക്ക് അമിതമായ രാഷ്ട്രീയ ഇടപെടൽ കാരണം മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം പോലീസുകാർ കഴിഞ്ഞ ദിവസം കണ്ണൂർ സിറ്റി കമ്മിഷണർക്ക് കത്തുനൽകിയിരുന്നു.

ഇതിൽ ഒരാൾ നൽകിയ കത്ത് മാധ്യമങ്ങളിൽ വന്നതിനെ തുടർന്ന് അച്ചടക്കലംഘനത്തിന് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ആർ അജിത്ത് കുമാർ സ്പെഷ്യൽ ബ്രാഞ്ചിനോട് അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ട്. ദേശാഭിമാനി മട്ടന്നൂർ ഏരിയാ ലേഖകൻ ശരത് പുതുക്കുടിയെയും മട്ടന്നൂർ സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസ് സെക്രട്ടറിയും മർദ്ദിച്ച് ബലം പ്രയോഗിച്ചു വാഹനത്തിൽ കയറ്റിയതിനും അഞ്ച് പോലിസുകാരെ ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് സിറ്റി പോലീസ്‌ കമ്മിഷണർ സ്ഥലം മാറ്റിയിരുത്തു. മട്ടന്നൂർ സ്‌റ്റേഷനിലെ പൊലിസുകാർ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.


ഇവരെ പോലീസ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുമ്പോൾ സിപിഎം പ്രവർത്തകർ വാഹനം തടയുകയും ഇറക്കി കൊണ്ടുപോയി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മട്ടന്നൂർ പോളിടെക്നിക്ക് കോളേജിലെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെയുണ്ടായ സംഘർഷത്തിൻ്റെ ഫോട്ടോയെടുക്കുന്നതിനിടെ പത്രപ്രവർത്തകനാണെന്ന് പറഞ്ഞിട്ടും തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും പൊലിസ് തന്നെ മർദ്ദിച്ചുവെന്ന് ശരത് പുതുക്കുടി തൻ്റെ ഫേസ്‌ബുക്ക് പേജിലൂടെ ആരോപിച്ചിരുന്നു. എന്നാൽ സംഭവം വിവാദമായതിനെ തുടർന്നാണ് ആരോപണ വിധേയരായ അഞ്ച് പോലീസുകാരെയാണ് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ സ്ഥലം മാറ്റിയത്.

എന്നാൽ ഇത് പൊലിസിന്റെ ആത്മവീര്യം തകർക്കുന്ന നടപടിയാണെന്ന ആരോപണമാണ് അസോസിയേഷൻ ഭാരവാഹികൾ ഉന്നയിക്കുന്നത്. നേരത്തെ കണ്ണൂർ ടൗൺ പൊലിസ് സമരത്തിനിടെ കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മോചിപ്പിച്ച പോലീസുകാരനെതിരെ നടപടിയെടുത്തിട്ടില്ലെന്നും അസോസിയേഷൻ നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിൽ സേന രാഷ്ട്രീയപരമായി രണ്ടു വിഭാഗമായി തിരിഞ്ഞിരിക്കുകയാണ്. മിക്ക സ്‌റ്റേഷനുകളിലും ഭരണകക്ഷി പാർട്ടിയായ സിപിഎമ്മിന്റെ നേതാക്കൾ അമിതമായി ഇടപെടുന്നുവെന്ന ആരോപണം കോൺഗ്രസ് അനുകുലികൾക്കുണ്ട്.

ഇതുകാരണം നീതി നിർവഹണംതന്നെ നടത്താൻ കഴിയാത്ത സാഹചര്യമാണെന്നും ഇവർ പറയുന്നു. ഭരണപക്ഷ അനുകുല പൊലീസുകാരെ അച്ചടക്കനടപടികളിൽ നിന്നും ഒഴിവാക്കുന്ന നടപടികളാണ് വകുപ്പ് തലത്തിൽ സ്വീകരിക്കുന്നതെന്നാണ് ഇവർ ചുണ്ടിക്കാട്ടുന്നത്. വരും നാളുകളിൽ കണ്ണൂർ സിറ്റിയിലെ സേനയ്ക്കുള്ളിൽ കൂടുതൽ പൊട്ടിത്തെറികൾക്കും പരസ്യമായ എതിർപ്പുകൾക്കും കാരണമായേക്കാവുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.