വഖഫ് ഭേദ​ഗതി ബിൽ, സംയുക്ത പാർലമെന്ററി കമ്മിറ്റി യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം; വിമർശിച്ച് രാജീവ് ചന്ദ്രശേഖർ

വഖഫ് ഭേദ​ഗതി ബിൽ, സംയുക്ത പാർലമെന്ററി കമ്മിറ്റി യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം; വിമർശിച്ച് രാജീവ് ചന്ദ്രശേഖർ


ദില്ലി: വഖഫ് ഭേദഗതി ബില്ലിൻമേൽ ഇന്ന് നടക്കാനിരുന്ന സംയുക്ത പാർലമെന്ററി കമ്മിറ്റി യോഗം ബഹിഷ്കരിച്ച പ്രതിപക്ഷ നടപടിയെ വിമർശിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. കർണാടകയിൽ നടന്ന വൻ വഖഫ് ഭൂമി തട്ടിപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു വിമ‍ർശനം. ചില രാഷ്ട്രീയക്കാർ വഖഫ് ഭൂമി തട്ടിപ്പിലൂടെ എങ്ങനെ നേട്ടമുണ്ടാക്കിയെന്ന് പുറത്തുകൊണ്ടുവന്നത് അൻവർ മണിപ്പാടിയുടെ റിപ്പോർട്ടും കണ്ടെത്തലുകളുമായിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖ‍‍ർ ചൂണ്ടിക്കാട്ടി. 

അൻവ‍ർ മണിപ്പാടിയുടെ റിപ്പോർട്ട് വഖ്ഫ് ബോർഡുകളിലെ സുതാര്യതയുടെ അഭാവവും അഴിമതിയും പുറത്തുകൊണ്ടുവരാൻ സഹായിച്ചെന്ന് രാജീവ് ചന്ദ്രശേഖ‍ർ പറഞ്ഞു. പാവപ്പെട്ട മുസ്ലീങ്ങളെ സംരക്ഷിക്കാൻ ആവശ്യമായ പരിഷ്കാരങ്ങൾ മനസ്സിലാക്കാനും ഈ റിപ്പോ‍ർട്ട് സഹായിച്ചു. പാവപ്പെട്ട മുസ്ലീങ്ങൾക്ക് വേണ്ടിയാണ് വഖഫ് പ്രവർത്തിക്കേണ്ടത്. എന്നാൽ, വഖഫ് ചെയ്യാത്തതും അത് തന്നെയാണെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.  


അതേസമയം, ഇന്ന് നിശ്ചയിച്ചിരുന്ന സംയുക്ത പാർലമെന്ററി കമ്മിറ്റി യോഗം എല്ലാ പ്രതിപക്ഷ എംപിമാരും ബഹിഷ്കരിച്ചിരുന്നു. കർണാടക സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ്റെയും കർണാടക ന്യൂനപക്ഷ വികസന കോർപ്പറേഷൻ്റെയും മുൻ ചെയർമാനായിരുന്ന അൻവർ മണിപ്പാടിയുടെ ഇപ്പോഴും തുടരുന്ന ബിൽ അവതരണം വഖഫ് ബില്ലിനെക്കുറിച്ചല്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. കർണാടക സർക്കാരിനും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കുമെതിരെ അൻവർ മണിപ്പാടി അനാവശ്യമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ഇത്  സ്വീകാര്യമല്ലെന്നും ആരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ ബഹിഷ്കരണം.