നിയമകാര്യങ്ങളിൽ ജനങ്ങളിൽ അവബോധം സൃഷ്ടിക്കണം: വനിതാ കമ്മീഷൻ
കണ്ണൂർ:
നിയമപരമായ കാര്യങ്ങളിൽ ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ പ്രാദേശിക സർക്കാർ വഴി ബോധവത്കരണം ശക്തമാക്കണമെന്ന് വനിതാ കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ.
കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ സിറ്റിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അവർ.
വ്യക്തികൾക്ക് വിട്ടുവീഴ്ചാ മനോഭാവം കുറഞ്ഞു വരുന്നതിനാൽ പരാതികൾ പരിഹരിക്കുന്നതിൽ കമ്മീഷൻ പ്രയാസം അനുഭവിക്കുന്നു. ഒറ്റപ്പെട്ടുകഴിയുന്ന സ്ത്രീകളുടെ മാനസിക പ്രയാസങ്ങൾ പരിഹരിക്കുന്നതിന് ജാഗ്രത സമിതിയും പ്രാദേശിക സർക്കാരുകളും ഒത്തുചേർന്നു കൗൺസിലിങ് സൗകര്യമൊരുക്കണമെന്നും കമ്മീഷൻ പറഞ്ഞു.
പരിഗണിച്ച 62 പരാതികളിൽ 14 എണ്ണം തീർപ്പാക്കി. അഞ്ച് പരാതികൾ പൊലീസിന്റെ റിപ്പോർട്ടിനായി അയച്ചു. രണ്ടെണ്ണം ജില്ലാ നിയമ സഹായ അതോറിറ്റിയുടെ സഹായം ലഭിക്കുന്നതിന് നൽകി. രണ്ടു പരാതികൾ ജാഗ്രതാ സമിതിയുടെ റിപ്പോർട്ടിനായും അയച്ചു.
39 പരാതികൾ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും.
അഭിഭാഷകരായ ചിത്തിര ശശിധരൻ, പ്രമീള, കൗൺസലർ മാനസ ബാബു, പൊലീസ് ഉദ്യോഗസ്ഥ കെ.കെ മിനി എന്നിവർ പങ്കെടുത്തു.