നെതന്യാഹുവിന്റെ വസതിയിൽ ഹിസ്ബുല്ല ഡ്രോൺ ആക്രമണം; ഉഗ്രസ്ഫോടനത്തിൽ വിറച്ച് സീസറിയ
തെൽഅവീവ്: ഹമാസ് തലവൻ യഹ്യ സിൻവാറിന്റെ മരണത്തിനു പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ല ആക്രമണം. തെൽഅവീവിനും ഹൈഫയ്ക്കും ഇടയിൽസ്ഥിതി ചെയ്യുന്ന തീരനഗരമായ സീസറിയയിലാണ് ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടന്നത്. നെതന്യാഹുവിന്റെ വസതി ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇസ്രായേൽ മാധ്യമമായ 'ജറൂസലം പോസ്റ്റ്' റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ സീസറിയ നഗരം വിറച്ചതായി 'ടൈംസ് ഓഫ് ഇസ്രായേലും' റിപ്പോർട്ട് ചെയ്യുന്നു.
ഇന്നു രാവിലെയാണ് ഹിസ്ബുല്ലയുടെ അസാധാരണ നീക്കം. ലെബനാനിൽനിന്നെത്തിയ ഡ്രോണുകളാണ് സീസറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതി ലക്ഷ്യമിട്ട് എത്തിയത്. ഇസ്രായേൽ പ്രധാനമന്ത്രിയുടെവസതിക്കു മേലും ബോംബ് പതിച്ചതായി സോഷ്യൽ മീഡിയ പോസ്റ്റുകൾ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം, ആക്രമണ സമയത്ത് നെതന്യാഹു സ്ഥലത്തുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന വിശദീകരണവും ഇസ്രായേലിന്റെ ഭാഗത്തുനിന്നു വരുന്നുണ്ട്.
ലെബനാനിൽനിന്ന് മൂന്ന് മിസൈലുകൾ സീസറിയ ലക്ഷ്യമിട്ട് എത്തിയതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒന്ന് ഒരു കെട്ടിടത്തിൽ പതിച്ചതായി സൈന്യം പറയുന്നു. ബാക്കിരണ്ടെണ്ണം തകർത്തതായും അവകാശപ്പെടുന്നുണ്ട്. ഡ്രോൺ ആക്രമണത്തിൽ സീസറിയയിൽ വൻ സ്ഫോടനമുണ്ടായതായും ഐഡിഎഫ് സ്ഥിരീകരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.