കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് താൻ പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ. ഔപചാരികമോ അനൗപചാരികമോ എന്നല്ല, ഒരു രീതിയിലും ക്ഷണിച്ചിട്ടില്ല. തന്റെ മൊഴി കേട്ടാൽ എല്ലാം വ്യക്തമാകും. എന്തൊക്കെ വിവരങ്ങൾ തനിക്ക് ഉണ്ടായിരുന്നുവെന്ന് മൊഴികളിലുണ്ട്. പരാതിയെക്കുറിച്ചുള്ള വിവരങ്ങൾ എവിടെ വെച്ച് അറിഞ്ഞുവെന്നും മൊഴി നൽകിയിട്ടുണ്ട്. ഇപ്പോൾ കേൾക്കുന്നത് വാദങ്ങൾ മാത്രമാണെന്നും മൊഴികളിൽ ഉറച്ചുനിൽക്കുകയാണെന്നും കളക്ടർ വ്യക്തമാക്കി.
നേരത്തെ കളക്ടർ അനൌപചാരികമായി തന്നെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നുവെന്നും അഴിമതി വിവരം രാവിലെ ഒരു പരിപാടിയിൽ കണ്ടപ്പോൾ കളക്ടറെ അറിയിച്ചിരുന്നുവെന്നുമായിരുന്നു ദിവ്യ കോടതിയിലെ മുൻകൂർ ജാമ്യാപേക്ഷയിലടക്കം പറഞ്ഞിരുന്നത്. എന്നാൽ ഇത് തളളുന്ന മൊഴിയാണ് കളക്ടർ നൽകിയിട്ടുളളത്.
എഡിഎം നവീൻ ബാബുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പിപി ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് ദിവ്യക്കെതിരായ കേസ്. ദിവ്യക്കെതിരെ ചുമത്തിയ പ്രേരണാകുറ്റം ശരിവെക്കുന്ന മൊഴികളാണ് പൊലീസിന് കിട്ടിയതെല്ലാം. യോഗത്തിലേക്ക് ദിവ്യയെ ആരും ക്ഷണിച്ചിരുന്നില്ലെന്നാണ് സംഘാടകരായ സ്റ്റാഫ് കൗൺസിലും ജില്ലാ കളക്ടറും മൊഴി നൽകിയിട്ടുളളത്. കളക്ടറേറ്റിലെ യോഗത്തിൽ ദിവ്യ എഡിഎമ്മിനെതിരെ ആരോപണമുന്നയിക്കാൻ ലക്ഷ്യമിട്ട് എത്തിയതെന്ന് ആരും കരുതിയില്ല. അതുവരെ പ്രസന്നമായിരുന്ന സദസ്സ് ദിവ്യയുടെ പ്രസംഗത്തിന് ശേഷം മൂകമായെന്ന് സ്റ്റാഫിന്‍റെ മൊഴി. ആസൂത്രിതമായി എഡിഎമ്മിനെ അപമാനിക്കാൻ ഉന്നമിട്ടാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ കൂടിയായിരുന്ന ദിവ്യ, ആ അധികാരം ഉപയോഗിച്ച് എത്തിയതെന്നാണ് പൊലീസിന്‍റെയും കണ്ടെത്തലെന്നാണ് വിവരം. എഡിഎമ്മിനെ സമ്മർദത്തിലാക്കുന്ന പ്രയോഗങ്ങളാണ് ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞവസാനിപ്പിച്ചതും.