മസ്കറ്റ്: ഏമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ ഇന്ത്യ എയെ 20 റണ്‍സിന് തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍ എ ഫൈനലില്‍. രണ്ടാം സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 34 പന്തില്‍ 64 റൺസെടുത്ത് അവസാന പന്തില്‍ പുറത്തായ രമണ്‍ദീപ് സിംഗാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
മുന്‍നിരയില്‍ അഭിഷേക് ശര്‍മയും ക്യാപ്റ്റന്‍ തിലക് വര്‍മയുമെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച രമണ്‍ദീപ് സിംഗും നിഷാന്ത് സന്ധുവുമാണ് ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചത്. ആദ്യ സെമിയില്‍ പാകിസ്ഥാനെ വീഴ്ത്തിയ ശ്രീലങ്കയാണ് ഫൈനലില്‍ അഫ്ഗാനിസ്ഥാന്‍റെ എതിരാളികൾ. ഞായറാഴ്ചയാണ് അഫ്ഗാനിസ്ഥാന്‍-ശ്രീലങ്ക ഫൈനല്‍ പോരാട്ടം.നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ എ സെമിയിലെത്തിയത്. സ്കോര്‍ അഫ്ഗാനിസ്ഥാന്‍ എ 20 ഓവറില്‍ 206-5, ഇന്ത്യ എ 20 ഓവറില്‍ 186-7.
അഫ്ഗാന്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് മൂന്നാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. അള്ളാ ഗസന്‍ഫറിനെ സിക്സ് അടിച്ചതിന് പിന്നാലെ അഭിഷേക് ശര്‍മ(5 പന്തില്‍ 7) അടുത്ത പന്തില്‍ ക്യാച്ച് നല്‍കി മടങ്ങി. പ്രഭ്‌സിമ്രാന്‍ സിംഗ് 13 പന്തില്‍ 19 റണ്‍സെടുത്ത് നന്നായി തുടങ്ങിയെങ്കിലും പവര്‍ പ്ലേ കടക്കാനായില്ല. അള്ളാ ഗസന്‍ഫറിന് തന്നെയായിരുന്നു വിക്കറ്റ്. ക്യാപ്റ്റന്‍ തിലക് വര്‍മയും(14 പന്തില്‍ 16) പവര്‍പ്ലേ തീരും മുമ്പെ ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തിയതോടെ ഇന്ത്യ 48-3ലേക്ക് വീണു. എന്നാല്‍ നാലാം വിക്കറ്റില്‍ ആയുഷ് ബദോനിയും നെഹാല്‍ വധേരയും തകര്‍ത്തടിച്ച് ഇന്ത്യ എക്ക് പ്രതീക്ഷ നല്‍കി. 14 പന്തില്‍ 20 റണ്‍സെടുത്ത വധേര റണ്ണൗട്ടായതോടെ ഇന്ത്യക്ക് അടിതെറ്റി.
സ്കോര്‍ 100ലെത്തിയതിന് പിന്നാലെ ആയുഷ് ബദോനിയും(24 പന്തില്‍ 31) വീണു. 15 ഓവറില്‍122 അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സിലെത്തിയിരുന്ന ഇന്ത്യക്ക് അവസാന അഞ്ചോവറില്‍ തകര്‍ത്തടിച്ച രമണ്‍ദീപ് സിംഗും നിഷാന്ത് സന്ധുവും ചേര്‍ന്ന് പ്രതീക്ഷ നല്‍കിയെങ്കിലും പതിനെട്ടാം ഓവറില്‍ നിഷാന്ത് സന്ധു റണ്ണൗട്ടായതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. അവസാന രണ്ടോവറില്‍ 38ഉം അവസാന ഓവറില്‍ 30ഉം റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ മറുവശത്ത് പിന്തുണക്കാന്‍ ആളില്ലായതോടെ രമണ്‍ദീപിന്‍റെ ഒറ്റയാള്‍ പോരാട്ടത്തിന് ഇന്ത്യയുടെ തോല്‍വിഭാരം കുറക്കാനെ കഴിഞ്ഞുള്ളു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് വേണ്ടി ഓപ്പണര്‍മാരായ സുബൈദ് അഖ്ബാറിയും(41 പന്തില്‍ 64), സേദിഖുള്ള അടലും(52 പന്തില്‍ 83) ചേര്‍ന്ന് 14 ഓവറില്‍ 137 റണ്‍സടിച്ച് വെടിക്കെട്ട് തുടക്കം നല്‍കി. മൂന്നാം നമ്പറിലെത്തിയ കരീം ജന്നത്തും(20 പന്തില്‍ 41) തകര്‍ത്തടിച്ചതോടെ അഫ്ഗാന്‍ 200 കടന്നു. ഏഴ് പന്തില്‍ 12 റണ്‍സെടുത്ത മുഹമ്മദ് ഇഷാഖും അഫ്ഗാന്‍ സ്കോറിലേക്ക് സംഭാവന നല്‍കി. ഇന്ത്യക്കായി റാസിക് സലാം മൂന്ന് വിക്കറ്റുമായി ബൗളിംഗില്‍ തിളങ്ങി.