മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധി വിഭജിച്ച് ചാവശ്ശേരിയിൽ പുതിയ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് ഒച്ചിഴയും വേഗം

മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധി വിഭജിച്ച് പുതിയ പൊലീസ് സ്റ്റേഷൻ; നടപടികൾ ഇഴയുന്നു


















മട്ടന്നൂർ: മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധി വിഭജിച്ച് ചാവശ്ശേരിയിൽ പുതിയ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് ഒച്ചിഴയും വേഗം.

ഇതിനായി മട്ടന്നൂർ പൊലീസിൻ്റെ നേതൃത്വത്തിൽ ചാവശ്ശേരിയിൽ പൊലീസ്‌ സ്‌റ്റേഷന് പറ്റിയ കെട്ടിടങ്ങൾ പരിശോധിച്ചിരുന്നു. അനുയോജ്യമായ ഏതാനും കെട്ടിടങ്ങൾ കണ്ടെത്തി റിപ്പോർട്ട് നൽകിയിട്ടുണ്ട്. പൊലീസുകാർക്ക് താമസിക്കാനായി ക്വാർട്ടേഴ്സ് വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ചാവശ്ശേരി വില്ലേജിൽ ഉൾപ്പെടുന്ന ഇരിട്ടി നഗരസഭയിലെ 18 വാർഡുകളും എയർപോർട്ട് സ്റ്റേഷൻ പരിധിയിൽ കീഴല്ലൂർ പഞ്ചായത്തിലെ ഭാഗങ്ങളും ചേർത്ത് സ്റ്റേഷൻ വിഭജനം നടത്തണമെന്ന നിർദ്ദേശമാണ് ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലുള്ളത്. ഇരിട്ടി നഗരസഭയിലെ 18 വാർഡുകൾ പരിധിയാക്കിയാക്കി ആയിരിക്കും ചാവശ്ശേരിയിൽ പുതിയ സ്റ്റേഷൻ വരുന്നത്. ആദ്യം താൽക്കാലിക കെട്ടിടത്തിൽ ആരംഭിക്കുന്ന സ്റ്റേഷൻ പ്രവർത്തനം പിന്നീട് സ്വന്തം കെട്ടിടം നിർമിച്ച് അവിടേക്ക് മാറാനാണ് ഉദ്ദേശിക്കുന്നത്.

പൊലീസ് സ്റ്റേഷന് വേണ്ടി ചാവശ്ശേരിയിലുള്ള റവന്യൂ വകുപ്പിൻ്റെ സ്ഥലം വിട്ടുകിട്ടുന്നതിനും ശ്രമം നടത്തിയിരുന്നു. നിലവിൽ ജില്ലയിൽ ഏറ്റവുമധികം സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന പൊലീസ് സ്റ്റേഷനാണ് മട്ടന്നൂർ. ഇതിന് അനുസരിച്ച ആൾബലം ഇല്ലാത്തതും ജോലിഭാരം കൂടുതലുള്ളതും കണക്കിലെടുത്താണ് സ്റ്റേഷൻ വിഭജിക്കുന്നത്. മട്ടന്നൂർ നഗരസഭ, കീഴല്ലൂർ, കൂടാളി പഞ്ചായത്തുകൾ, ഇരിട്ടി നഗരസഭയിലെ 18 വാർഡുകൾ എന്നിവയാണ് മട്ടന്നൂർ സ്റ്റേഷന് കീഴിൽ വരുന്നത്. മട്ടന്നൂർ സ്റ്റേഷനിൽ കൂടുതൽ നിയമനങ്ങൾ വേണമെന്ന് വർഷങ്ങൾക്ക് മുമ്ബ് തന്നെ വകുപ്പുതല നിർദ്ദേശമുണ്ടായിരുന്നെങ്കിലും വേണ്ടത്ര നിയമനങ്ങളായിട്ടില്ല.

ട്രാഫിക് സ്റ്റേഷനെന്ന ആവശ്യവുമുണ്ട്

വിമാനത്താവളം വന്നതോടെ വാഹനത്തിരക്കും ക്രമാതീതമായി വർദ്ധിച്ചു. ഇത് കണക്കിലെടുത്ത് മട്ടന്നൂരിൽ ട്രാഫിക് പൊലീസ് സ്‌റ്റേഷൻ വേണമെന്ന ആവശ്യവും സർക്കാരിന് മുന്നിലുണ്ട്. മട്ടന്നൂരിൽ കേസുകളുടെ എണ്ണത്തിലും കുറവില്ല. ഒരു ദിവസം രണ്ടോ മൂന്നോ വി.വി.ഐ.പിമാർ വിമാനത്താവളത്തിൽ പറന്നിറങ്ങിയാൽ പൊലീസുകാരുടെ ഓട്ടം തുടങ്ങും. 57 എന്ന പഴയ സ്ട്രങ് ത്ത് ആണ് ഇപ്പോഴും. അതിൽ സ്റ്റേഷനിലെ സ്ഥിരം ഡ്യൂട്ടിക്കാരെ ഒഴിവാക്കിയാൽ പിന്നെ ആളില്ലാത്ത അവസ്ഥ. രാഷ്ട്രീയക്കാരുടെ ഇടപെടലുകളും സ്റ്റേഷനിൽ പൊലീസുകാർക്ക് മടുപ്പ് ഉളവാക്കുന്നു.