ന്യൂഡല്‍ഹി: ഇന്ത്യ മുഴുവന്‍ ഉറ്റുനോക്കിയ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ബിജെപി വിജയം ഉറപ്പിച്ച് മൂന്നാം തവണയും ഭരണത്തിലേക്ക് കുതിച്ചപ്പോള്‍ ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം ബിജെപിയെ മലര്‍ത്തിയടിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം 51 സീറ്റുകളില്‍ ലീഡ് നേടിയപ്പോള്‍ ബിജെപിയ്ക്ക് നേടാനായത് 28 സീറ്റുകളാണ്. ഒളിമ്പിക്‌സ് മെഡല്‍ നഷ്ടവുമായി ഗുസ്തിവേദി രാഷ്ട്രീയത്തിന്റെ വേദിയിലേക്ക് കയറിയ വിനേഷ് ഫോഗോട്ടിന്റെ വിജയമാണ് ഹരിയാനയില്‍ ഏറ്റവും തിളക്കം നേടിയത്.
എക്‌സിറ്റ് പോളുകളെ വരെ ഞെട്ടിപ്പിച്ചാണ് ഹരിയാനയില്‍ ബിജെപി വിജയക്കൊയ്ത്ത് നടത്തിയത്. തുടക്കത്തില്‍ ലീഡ് നില കേവലഭൂരിപക്ഷത്തില്‍ എത്തി നിന്ന കോണ്‍ഗ്രസിന്റെ ഫലങ്ങള്‍ രാവിലെ പത്തുമണിക്ക് ശേഷം മാറി മറിയുകയായിരുന്നു. ബിജെപി 49 സീറ്റുകളിലാണ് മുന്നേറിയത്.
കോണ്‍ഗ്രസിന്റെ നേട്ടം 35 ല്‍ ഒതുങ്ങി. മറ്റുള്ളവര്‍ ആറു സീറ്റുകളിലും മുന്നേറി. എക്‌സിറ്റ് പോളുകള്‍ വരെ അപ്രസക്തമാക്കിയായിരുന്നു ബിജെപിയുടെ മുന്നേറ്റം. ഹരിയാനയില്‍ കോണ്‍ഗ്രസിനും ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സിനുമായിരുന്നു എക്‌സിറ്റ്‌പോളുകള്‍ സാധ്യത കല്‍പ്പിച്ചിരുന്നത്. എന്നാല്‍ ഹരിയാനയിലെ ഫലം മറിച്ചായിരുന്നെന്ന് നേരത്തേ തന്നെ ബിജെപി നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം ആംആദ്മി പാര്‍ട്ടിക്ക് ഹരിയാനയില്‍ ചലനം പോലും ഉണ്ടാക്കാനായില്ല എന്നത് ഞെട്ടിക്കുന്ന ഘടകമാണ്.
ഹരിയാനയിലെ ജുലാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിനേഷ് ഫോഗട്ടിന് വിജയം നേടാനായി. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നില മാറിമറിഞ്ഞ മത്സരമായിരുന്നു ജുലാനയിലേത്. എന്നാല്‍ വോട്ടെണ്ണലിന്റെ അവസാനഘട്ടത്തില്‍ മുന്നോട്ടു കുതിച്ച വിനേഷ് അവസാന രണ്ട് റൗണ്ട് വോട്ടുകള്‍ എണ്ണാന്‍ ശേഷിക്കെ തന്നെ വിജയം ഉറപ്പിക്കുകയായിരുന്നു.
പുതിയതായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വന്‍ മുന്നേറ്റം നടത്തിയതോടെ ബിജെപി മൂന്നാം തവണ ഹരിയാനയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി. ജനവിധി അനുകൂലമാകുന്നെന്ന് ഉറപ്പാക്കിയതോടെ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ നിലവിലെ ലീഡ് നിലയോട് കൂടി ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിക്കുകയും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളുമായി മുമ്പോട്ട് പോകുകയുമാണ്. എക്‌സിറ്റ് പോളുകളുടെ പ്രവചനത്തില്‍ നടുങ്ങിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ബിജെപി കുതിപ്പ് നടത്തിയത്.