വാഹനത്തിൽ തട്ടി റോഡിലെ കുഴിയിൽ വീണ ശേഷം മതിലിൽ ഇടിച്ചുനിന്നു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
കൊല്ലം: ഇരവിപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാക്കൾ മരിച്ചു. പള്ളിത്തോട്ടം സ്വദേശി മനീഷ് (31), ഇരവിപുരം പനമൂട് സ്വദേശി പ്രവീൺ (32) എന്നിവരാണ് മരിച്ചത്. തകർന്നു കിടക്കുന്ന തീരദേശ റോഡിലാണ് ഇന്നലെ രാത്രി അപകടമുണ്ടായത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ബൈക്ക് മുന്നിലെ വാഹനത്തിൽ തട്ടിയ ശേഷം റോഡിലെ കുഴിയിൽ വീണു. പിന്നാലെ മതിലിൽ ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതിനിടെ ആലപ്പുഴയിൽ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു. ഹരിപ്പാട് ചെറുതന സ്വദേശി സഞ്ജു (21) വാണ് മരിച്ചത്. ഇന്ന് രാവിലെ വളഞ്ഞവഴി ജംഗ്ഷനിലായിരുന്നു അപകടം.
പുന്നപ്ര കാർമൽ കോളേജിലെ വിദ്യാർത്ഥിയാണ് സഞ്ജു. കോളേജിലേക്ക് പോകുമ്പോഴായിരുന്നു അപകടം. റോഡിന്‍റെ ശോചനീയാവസ്ഥ കാരണം പ്രദേശത്ത് അപകടം പതിവാണെന്ന് നാട്ടുകാർ പറയുന്നു.