ടെല്‍അവീവ്: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം ഏത് സമയവും രൂക്ഷമായേക്കുമെന്ന സാഹചര്യത്തിലാണ് പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. ഇറാനുമായുള്ള സംഘർഷ സാഹചര്യം തുടരുന്നതിനിടയില്‍തന്നെ ഗാസയിലും ലെബനനിലും ഇസ്രായേല്‍ ആക്രമണം ശക്തമാക്കുന്നുണ്ട്. എന്നാല്‍ ഒരു വർഷമായിട്ടും ഹമാസ് പിടികൂടിയ പൗരന്മാരെ മോചിപ്പിക്കാന്‍ കഴിയാത്തതില്‍ ഇസ്രായേലിനുള്ളിലും പ്രതിഷേധം ശക്തമായി വരികയാണ്. ഈ പ്രതിഷേധത്തിന്റെ ചൂട് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ നേരിട്ട് അനുഭവിക്കുകയും ചെയ്തു.
ഒക്‌ടോബർ ഏഴ് സംഭവത്തിന്റെ അനുസ്മരണ ചടങ്ങില്‍ ബെഞ്ചമിന്‍ നെതന്യാഹു സംസാരിക്കുന്നതിനിടയില്‍ ഹമാസ് ആക്രമണത്തിൽ ഇരയായവരുടെ ബന്ധുക്കൾ ഉള്‍പ്പെടേയുള്ളവർ പ്രതിഷേധിക്കുകയായിരുന്നു. ജറുസലേമിൽ നടന്ന ചടങ്ങിനിടെ നെതന്യാഹു പ്രസംഗിക്കുന്നതിന് ഇടയിലായിരുന്നു നാടകീയ സംഭവങ്ങള്‍. ജനക്കൂട്ടത്തിലുണ്ടായിരുന്ന ആളുകള്‍ പ്രതിഷേധം ഉയർത്തിയതോടെ പ്രധാനമന്ത്രിയുടെ പ്രസംഗം ഒരു മിനുറ്റോളം തടസ്സപ്പെട്ടു.

'എൻ്റെ അച്ഛൻ കൊല്ലപ്പെട്ടു' എന്ന് പ്രതിഷേധക്കാരില്‍ ഒരാള്‍ ആവർത്തിച്ച് ശബ്ദമുയർത്തി പറയുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാന്‍ സാധിക്കും. ഗാസയിൽ ഇപ്പോഴും തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കുന്നതിനുള്ള കരാറിൽ ഏർപ്പെടാൻ നെതന്യാഹുവിൻ്റെ ഭരണകൂടത്തിന് മേൽ പൊതു-നയതന്ത്ര സമ്മർദ്ദം ശക്തമാകുന്നതിന് ഇടയിലാണ് ഇത്തരം പ്രതിഷേധവും ഉയരുന്നത് എന്നതാണ് ശ്രദ്ധേയം.
ഹമാസ് ഇസ്രായേലിലേക്ക് കടന്ന് കയറി നടത്തിയ ആക്രമണത്തിലും ബന്ദികളായി പിടിച്ചവരെ ഒരു വർഷം കഴിഞ്ഞിട്ടും മോചിപ്പിക്കാന്‍ കഴിയാത്തതിലും ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രാജ്യത്തിന് അകത്ത് തന്നെ വിമർശനം ശക്തമാണ്. നിലവിൽ, 97 ബന്ദികളാണ് ഹമാസിൻ്റെ പിടിയില്‍ കഴിയുന്നത്. 34 പേർ ഇതിനോടകം കൊല്ലപ്പെടുകയോ അല്ലെങ്കില്‍ മരണപ്പെടുകയോ ചെയ്തിട്ടുണ്ട്.
അതേസമയം, ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കായി ഇസ്രായേൽ ഇൻ്റലിജൻസ് മേധാവി ഡേവിഡ് ബാർണിയ ദോഹ സന്ദർശിക്കാൻ ഒരുങ്ങുകയാണ്. ഇത്തരം ചർച്ചകള്‍ക്ക് എതിരായ നിലപാടായിരുന്നു ഹമാസ് നേതാവ് യഹ്യ സിന്‍വാർ അടുത്ത കാലം വരെ സ്വീകരിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം അടുത്തിടെ കൊല്ലപ്പെട്ടത് ബന്ദിമോചന ചർച്ചയ്ക്കുള്ള വഴികൾ തുറക്കാൻ സഹായിച്ചേക്കുമെന്നാണ് ഇസ്രായേല്‍ പ്രതീക്ഷിക്കുന്നത്.
ബന്ദികളെ മോചിപ്പിക്കാന്‍ സൈനിക നടപടി മാത്രം മതിയാകില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് ഞായറാഴ്ച വ്യക്തമാക്കിയ സാഹചര്യത്തില്‍ ഡേവിഡ് ബാർണിയയുടെ ദോഹ സന്ദർശനത്തിന് പ്രാധാന്യമേറും. "സൈനിക പ്രവർത്തനങ്ങളിലൂടെ മാത്രം എല്ലാ ലക്ഷ്യങ്ങളും കൈവരിക്കാനാവില്ല ബന്ദികളെ തിരികെ കൊണ്ടുവരാനുള്ള ഇസ്രായേലിൻ്റെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിന് ചില വേദനാജനകമായ ഇളവുകൾ ആവശ്യമായി വന്നേക്കും" ഗാലൻ്റ് പറഞ്ഞു.