ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ രോഹിണി മേഖലയിൽ സ്‌കൂളിന് പുറത്ത് സ്ഫോടനം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് വിവരം. പ്രാഥമിക പരിശോധനയിൽ നാശ നഷ്‌ടങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഡൽഹി രോഹിണിയിലെ പ്രശാന്ത് വിഹാർ മേഖലയിലെ സിആർപിഎഫ് സ്‌കൂളിലാണ് സ്ഫോടനം നടന്നത്.
രാവിലെ ഏഴേ മുക്കാലോടെയാണ് അഗ്നിശമന സേനയ്ക്ക് വിവരം ലഭിച്ചത്. തുടർന്ന് ഉടൻ തന്നെ ഇവിടേക്ക് ചെന്നെങ്കിലും തീപിടിത്തമോ മറ്റ് അപകടങ്ങളോ സംഭവിച്ചിരുന്നില്ല. എന്നാൽ പ്രദേശത്താകത്തെ വെളുത്ത പുക അന്തരീക്ഷത്തിലേക്ക് പടർന്നുകയറുന്നത് പുറത്ത് വന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പോലീസും ഫയർഫോഴ്‌സും പ്രാഥമിക പരിശോധന നടത്തിയിരുന്നു.

അപ്രതീക്ഷിതമായി ഉണ്ടായ സ്‌ഫോടനത്തിൽ പ്രദേശവാസികൾ ഒന്നാകെ ആശങ്കയിലായിരുന്നു. ഞായറാഴ്‌ച അവധിയായതിനാൽ സ്‌കൂളിൽ കുട്ടികളും അധ്യാപകരും ഇല്ലാത്തതിനാലാണ് വൻ ദുരന്തം ഒഴിവായത്. സ്‌കൂളിലെ മതിൽ തകർന്ന നിലയിൽ ആണെന്നും പ്രദേശത്ത് ഒരു ദുർഗന്ധം പരക്കുന്നതായും ഡൽഹി പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, സ്‌കൂളിന്റെ മതിലിന് സമീപം നിരവധി കടകൾ ഉണ്ടെന്നും സിലിണ്ടർ പൊട്ടിത്തെറിച്ചാവാം വലിയ ശബ്‌ദം ഉണ്ടായതെന്ന് ചില റിപ്പോർട്ടുകളുണ്ട്. എങ്കിലും സ്‌ഫോടനത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അടുത്തുള്ള കടകൾക്ക് ഉൾപ്പെടെ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം.
നിലവിൽ ഫോറൻസിക് സംഘം ഉൾപ്പെടെ ഇവിടേക്ക് തിരിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. സ്‌ഫോടനത്തിന് ശേഷമുള്ള നിരവധി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അടുത്തുള്ള വാഹനങ്ങൾക്ക് പോലും സ്‌ഫോടനത്തിന്റെ ഫലമായി ഇളക്കമുണ്ടായെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബോംബ് സ്‌ക്വാഡ് ഉൾപ്പെടെ സ്ഥലത്ത് എത്തിയിരുന്നു. ഡൽഹി പോലീസും സംഭവ സ്ഥലത്ത് തുടരുന്നുണ്ട്.