എന്റെ ചോര തന്നെ എനിക്ക് എതിരായതാണ് വലിയ വേദന': ജാമ്യം കിട്ടിയതിന് പിന്നാലെ ബാല

'എന്റെ ചോര തന്നെ എനിക്ക് എതിരായതാണ് വലിയ വേദന': ജാമ്യം കിട്ടിയതിന് പിന്നാലെ ബാല


കൊച്ചി: മുൻ ഭാര്യ നൽകിയ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ബാല കോടതിക്ക് മുന്നില്‍ വച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു. 

"കോടതിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മകളുടെ പേരോ, കുടുംബത്തെക്കുറിച്ചോ പറയില്ലെന്ന് ഞാന്‍ പറ‍ഞ്ഞതാണ് അത് ഞാന്‍ പാലിച്ചിട്ടുണ്ട്. അറസ്റ്റിലായതോ, കോടതി കയറേണ്ടിവന്നതോ അല്ല തന്നെ വേദനിപ്പിച്ചത്. എന്റെ ചോര തന്നെ എനിക്ക് എതിരായതാണ് വലിയ വേദന. ഇതിനെക്കുറിച്ച് സംസാരിക്കാൻ ഇനിയാരും എന്റെ വീട്ടിലേക്ക് വരേണ്ട" ബാല കോടതിക്ക് വെളിയില്‍ പ്രതികരിച്ചു. 

സമൂഹമാധ്യമങ്ങളിൽ പരാതിക്കാരിക്കും മകൾക്കും എതിരായ പ്രചരണങ്ങൾ നടത്തരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളുമായി സംസാരിക്കരുത് എന്നിവയാണ് ബാലയ്ക്ക് ജാമ്യം അനുവദിച്ച് കോടതി പറഞ്ഞ പ്രധാന ജാമ്യ വ്യവസ്ഥകൾ. കേസ് കെട്ടിച്ചമച്ചതാണെന്നും ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ജാമ്യം നൽകണമെന്നുമാണ് ബാല കോടതിയിൽ വാദിച്ചത്.

കടവന്ത്ര പൊലീസാണ് പാലാരിവട്ടത്തെ വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെ ബാലയെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലായിരുന്നു പൊലീസ് നടപടി. മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമർശങ്ങളാണ് പരാതിക്ക് ആധാരം. ബാല നീതി നിയമപ്രകാരവും ബാലയ്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ബാലയുടെ മാനേജർ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണൻ എന്നിവരും കേസിൽ പ്രതികളാണ്.

കഴിഞ്ഞ ഏതാനും ദിവസമായി ബാലയും മുൻ ഭാര്യയും തമ്മിലുള്ള തര്‍ക്കം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ഇരുവരുടെയും മകള്‍ സമൂഹമാധ്യമത്തിൽ പങ്കിട്ട വീഡിയോ ആണ് തര്‍ക്കങ്ങള്‍ക്ക് വഴിവച്ചത്. ബാലയെ കാണാനോ സംസാരിക്കാനോ താല്പര്യമില്ലെന്നായിരുന്നുമകൾ പറഞ്ഞത്. തന്റെ അമ്മയെ ഉപദ്രവിച്ചിരുന്നുവെന്നും മകൾ പറഞ്ഞു. 

പിന്നാലെ കുഞ്ഞിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു. സമൂഹ മാധ്യമങ്ങളിൽ ബാലയും പ്രതികരണങ്ങൾ പങ്കുവെച്ചു. തുടർന്ന് ബാലക്കെതിരെ മുൻഭാര്യയും രംഗത്തെത്തി. ഈ പ്രശ്നങ്ങളാണ് ബാലയുടെ അറസ്റ്റിലേക്ക് എത്തിയത്. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട ബാലയും പരാതിക്കാരിയും 2010ലാണ് വിവാഹിതരായത്. പിന്നീട് 2019ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തിരുന്നു.