നവീന്‍ ബാബുവിന്റെ മരണം : അന്വേഷണത്തില്‍ നിന്ന് കണ്ണൂര്‍ കളക്ടറെ നീക്കി; പകരം ഗീത ഐഎഎസ് വരും

നവീന്‍ ബാബുവിന്റെ മരണം : അന്വേഷണത്തില്‍ നിന്ന് കണ്ണൂര്‍ കളക്ടറെ നീക്കി; പകരം ഗീത ഐഎഎസ് വരും


തിരുവനന്തപുരം: മുന്‍ എഡിഎം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിന്നും കണ്ണൂര്‍ കളക്ടറെ നീക്കി. പകരം തുടരന്വേഷണം ലാന്‍ഡ് റവന്യൂ ജോയന്റ് കമ്മീഷണര്‍ക്കാണ് നല്‍കിയിരിക്കുന്നത്. നവീന്‍ബാബുവിന്റെ കേസിലെ തുടരന്വേഷണം എ. ഗീത ഐഎഎസ് നടത്തും. കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയനെതിരേ ആരോപണം വന്നതോടെയാണ് നീക്കിയത്.

കൈക്കൂലി പരാതി വ്യാജമാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നവീന്‍ബാബു കൈക്കൂലി വാങ്ങിയെന്ന പ്രശാന്തന്റെ പരാതിയിലെ പേരുകളും ഒപ്പുകളും സംശയാസ്പദമാണ്. രണ്ട് ഒപ്പുകളും വെവ്വേറെയാണ്. പെട്രോള്‍ പമ്പിനായുള്ള പാട്ടക്കരാറിലെയും കൈക്കൂലിക്കേസിലെ പരാതിയിലും പേരും രണ്ടാണ്. പാട്ടക്കരാറില്‍ 'പ്രശാന്തന്‍' എന്നും പരാതിയില്‍ 'പ്രശാന്ത്' എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്.

കളക്ടര്‍ക്കെതിരേ നവീന്‍ബാബുവിന്റെ കുടുംബവും രംഗത്ത് വന്നു. കളക്ടറുടെ കുമ്പസാരം കേള്‍ക്കെണ്ടെന്ന് പറഞ്ഞ കുടുംബം ദിവ്യ ആരോപണം ഉന്നയിച്ചപ്പോള്‍ കളക്ടര്‍ ഒരു വാക്കു പോലും മിണ്ടിയില്ലെന്നും ആരോപിച്ചു. പ്രശാന്തന്റെ പരാതിക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും കുടുംബം പറയുന്നു. കളക്ടര്‍ക്കെതിരേ നവീന്‍ബാബുവിന്റെ ബന്ധുക്കള്‍ മൊഴി നല്‍കിയെന്നാണ് സൂചനകള്‍.

കളക്ടറും എഡിഎമ്മും തമ്മിലുള്ള ബന്ധം സൗഹാര്‍ദ്ദപരമായിരുന്നില്ല. കളക്ടര്‍ക്ക് കീഴില്‍ നവീന്‍ബാബു കടുത്ത മാനസീക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായും കുടുംബം ആരോപിച്ചിട്ടുള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. നവീന്‍ ഈ വിവരം കുടുംബാംഗങ്ങളുമായി പങ്കുവെച്ചിരുന്നു. സ്ഥലമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതല്‍ നല്‍കാന്‍ മടി കാട്ടിയെന്നും അവധി പോലും നല്‍കുമായിരുന്നില്ലെന്നും ഇവര്‍ പറഞ്ഞതായി വിവരമുണ്ട്.