സുല്‍ത്താന്‍ ബത്തേരി: തുണിക്കടയില്‍ കയറി ജീവനക്കാരിയുടെ പണം അപഹരിച്ചെന്ന പരാതിയില്‍ യുവതി പിടിയില്‍

അടിവസ്ത്രത്തിന്‍റെ ബട്ടണ്‍ പൊട്ടി പോയെന്ന് പറഞ്ഞ് തുണിക്കടയിലെത്തി; യുവതി പോയ ശേഷം ബാ​ഗിൽ പണമില്ല; അറസ്റ്റ്


സുല്‍ത്താന്‍ ബത്തേരി: തുണിക്കടയില്‍ കയറി ജീവനക്കാരിയുടെ പണം അപഹരിച്ചെന്ന പരാതിയില്‍ യുവതി പിടിയില്‍. സുല്‍ത്താന്‍ ബത്തേരി നെന്മേനി മലങ്കര അറക്കല്‍ വീട്ടില്‍ മുംതാസ് (22)നെയാണ് കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 28ന് കേണിച്ചിറ ടൗണിലുള്ള ടെക്‌സ്‌റ്റൈല്‍ ഷോപ്പിലും മെഡിക്കല്‍ ഷോപ്പിലും അടിവസ്ത്രത്തിന്‍റെ ബട്ടണ്‍ പൊട്ടി പോയി എന്നും ഇത് ശരിയാക്കുന്നതിന് സൗകര്യം ചെയ്തു തരണമെന്നും അഭ്യര്‍ഥിച്ച് ഇവര്‍ കുട്ടിയുമായി ഇവര്‍ എത്തിയിരുന്നു.

തുടര്‍ന്ന് ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ വസ്ത്രം ശരിയാക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു. ഈ സമയത്താണ് ജീവനക്കാരി ലോണ്‍ അടക്കാന്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 9000 രൂപ ഇവര്‍ കടക്കുള്ളില്‍ നിന്ന് മോഷ്ടിച്ചതെന്നാണ് പരാതി. പണം നഷ്ടപ്പെട്ടത് അറിഞ്ഞ ജീവനക്കാരി ഷോപ്പ് അധികൃതരെ വിവരമറിയിക്കുകയും കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു.

യുവതി ടൗണില്‍ ബസില്‍ വന്നിറങ്ങിയ ദൃശ്യങ്ങളും ശേഖരിച്ചാണ് പ്രതിയെ പിടികൂടിയത്. സമാന രീതിയില്‍ യുവതി ജില്ലയില്‍ പലയിടത്തും കവര്‍ച്ച ചെയ്തതെന്ന്  സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. കേണിച്ചിറയിലെ ഷോപ്പുകളില്‍ പയറ്റിയ തന്ത്രം തന്നെയാണ് ഇവര്‍ മറ്റിടങ്ങളിലും എടുത്തിട്ടുണ്ടാകുകയെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്