വീണ്ടും 'ആവേശം'മോഡൽ ഗുണ്ടാ പാർട്ടി, പിറന്നാൾ ആഘോഷം; സംഘ‍ര്‍ഷം, പൊലീസുകാര്‍ക്ക് പരിക്ക്, 12 പേ‍ര്‍ അറസ്റ്റിൽ


വീണ്ടും 'ആവേശം'മോഡൽ ഗുണ്ടാ പാർട്ടി, പിറന്നാൾ ആഘോഷം; സംഘ‍ര്‍ഷം, പൊലീസുകാര്‍ക്ക് പരിക്ക്, 12 പേ‍ര്‍ അറസ്റ്റിൽ


തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ആവേശം മോഡൽ ഗുണ്ടാ പാർട്ടിക്കിടെ പൊലീസിന് നേരെ അതിക്രമം. കുപ്രസിദ്ധ ഗുണ്ട സ്റ്റമ്പർ അനീഷിന്റെ സഹോദരിയുടെ മകന്റെ പിറന്നാളിനാണ് പൊലീസ് വിലക്ക് ലംഘിച്ച് പാർട്ടി നടന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുണ്ടകളുടെ ആക്രമണത്തിൽ പരിക്കേറ്റു. സംഭവത്തിൽ 12 പേർ പൊലീസ് പിടിയിലായി.  

നെടുമങ്ങാട് മുക്കോലയിൽ കുപ്രസിദ്ധ ഗുണ്ട സ്റ്റമ്പർ അനീഷിന്റെ സഹോദരിയുടെ മകൻ്റെ ഒന്നാം പിറന്നാൾ ആഘോഷങ്ങൾക്കായി ഗുണ്ടകൾ സംഘടിക്കുമെന്ന് നെടുമങ്ങാട് പൊലീസിന് നേരത്തെ വിവരം ലഭിക്കുകയും പാർട്ടി വിലക്കുകയും ചെയ്തിരുന്നു. ഈ വിലക്കുകൾ ലംഘിച്ചായിരുന്നു ആഘോഷം. വിവരമറിഞ്ഞ്  സ്ഥലത്തെത്തിയ പൊലീസിന് നേരെയും അതിക്രമം ഉണ്ടായി.കല്ലും കമ്പി പാരയും ഉപയോഗിച്ചുള്ള ആക്രമണത്തിൽ നെടുമങ്ങാട് സിഐ രാജേഷ് കുമാർ എസ് ഐ സന്തോഷ് കുമാർ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. 


സ്റ്റമ്പർ അനീഷ് ഉൾപ്പടെ 8 പേർ ഇന്നലെ സംഭവ സ്ഥലത്ത് വച്ച് തന്നെ പൊലീസിന്റെ പിടിയിലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ നാല് പേർ കൂടി അറസ്റ്റിലായി.കൊലപാതക ശ്രമം, പൊലീസ് വാഹനം നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.സംഭവ സമയത്ത് പൊലീസിനെ തടയാൻ ശ്രമിച്ച സ്ത്രീകൾക്കെതിരെയും കേസെടുക്കും.