കൊച്ചി: വയനാടിനുള്ള കേന്ദ്രസഹായത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 2,219 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ (എന്‍ഡിആര്‍എഫ്) നിന്നും 153.4 കോടി രൂപ നല്‍കാന്‍ ഉന്നതാധികാര സമിതി അംഗീകാരം നല്‍കി. ദുരന്ത മേഖലയിലെ അടിയന്തര ദുതിരാതശ്വാസ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചത്. നവംബര്‍ 16 നാണ് ചേര്‍ന്ന യോഗമാണ് തീരുമാമെടുത്തത്.
വയനാട് ദുരന്തത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ദുരിത ബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് എന്ത് സഹായം നൽകുമെന്നറിയിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നടപടികൾ തുടരുകയാണെന്നായിരുന്നു ഇക്കാര്യത്തിലുളള കേന്ദ്ര മറുപടി. വയനാടിന് മാത്രമായി പ്രത്യേക കേന്ദ്ര സർക്കാർ സഹായമില്ലാതെ മുന്നോട്ട് പോകാൻ ആകില്ലെന്ന് സംസ്ഥാന സർക്കാരും നിലപാട് എടുത്തിരുന്നു.
വയനാട് ചൂരൽമല ഉരുൾപ്പൊട്ടൽ ബാധിത പ്രദേശത്തിന് അര്‍ഹതപ്പെട്ട ധനസഹായം നൽകാത്ത കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയെന്ന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ വിളിച്ച് ചേര്‍ത്ത എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി തുറന്നടിച്ചു.