ഓടുന്ന ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമം; റോഡിലേക്ക് തെറിച്ചുവീണു; 45കാരന് ദാരുണാന്ത്യം; സംഭവം ഉത്തർപ്രദേശിൽ

ഓടുന്ന ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമം; റോഡിലേക്ക് തെറിച്ചുവീണു; 45കാരന് ദാരുണാന്ത്യം; സംഭവം ഉത്തർപ്രദേശിൽ



ലക്നൌ: ഓടുന്ന ബസിൽ നിന്നും മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നതിനിടെ 45കാരന് ദാരുണാന്ത്യം. ഉത്തർ പ്രദേശ് റോഡ് വേയ്സിന്റെ എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിച്ചതിന് പിന്നാലെയാണ് അപകടം നടന്നത്. റാം ജിയാവൻ എന്ന 45കാരനൊണ് ദാരുണാന്ത്യമുണ്ടായത്. ഭാര്യക്കൊപ്പം അസംഗഡിലേക്ക് പോവുകയായിരുന്നു ഇയാൾ.

പൂർവ്വാഞ്ചൽ എക്സ്പ്രസ്വേയിൽ വച്ചാണ് അപകടം നടന്നത്. ലക്നൌവ്വിൽ നിന്ന് അസംഗഡിലേക്ക് പോവുകയായിരുന്ന എസി ബസിലാണ് സംഭവം. ബാൽദിരൈ പോലീസ് സ്റ്റേഷൻ പരിധിയിലെ ബിഹി ഗ്രാമത്തിന് സമീപത്ത് എത്തിയപ്പോളാണ് 45കാരൻ മുറുക്കാൻ തുപ്പാനായി ബസിന്റെ ഡോർ തുറന്നത്.

ഓടുന്ന ബസിന്റെ ഡോർ തുറന്നതിന് പിന്നാലെ ബാലൻസ് നഷ്ടമായ ഇയാൾ റോഡിലേക്ക് വീണാണ് മരണം സംഭവിച്ചത്. അപകടം നടന്ന് ഉടനെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലക്നൌവ്വിലെ ചിൻഹാട്ട് സ്വദേശിയാണ് മരിച്ചത്.