ബൈക്ക് സ്‌കൂട്ടറിലിടിച്ച് യുവാവ് മരിച്ചു; അപകടമുണ്ടാക്കിയത് മൂന്ന് പേർ സഞ്ചരിച്ച ഹിമാലയൻ ബുള്ളറ്റ്


ബൈക്ക് സ്‌കൂട്ടറിലിടിച്ച് യുവാവ് മരിച്ചു; അപകടമുണ്ടാക്കിയത് മൂന്ന് പേർ സഞ്ചരിച്ച ഹിമാലയൻ ബുള്ളറ്റ്


കോഴിക്കോട്: ദേശീയ പാതയില്‍ കോഴിക്കോട് പൂളാടിക്കുന്ന് വെച്ചുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. സ്‌കൂട്ടറിൽ വരികയായിരുന്ന കാപ്പാട് കണ്ണങ്കടവ് പാലം സ്വദേശി രതീഷ് (41) ആണ് മരിച്ചത്. മൂന്ന് യുവാക്കള്‍ സഞ്ചരിച്ച ഹിമാലയന്‍ ബുള്ളറ്റ് ബൈക്കാണ് സ്കൂട്ടറിലിടിച്ചത്. അമിത വേഗതയില്‍ അശ്രദ്ധമായാണ് ബൈക്ക് വന്നതെന്ന് നാട്ടുകാർ പറയുന്നു.  

യുവാക്കള്‍ സഞ്ചരിച്ച ബുള്ളറ്റ് രതീഷും ഭാര്യ സിന്‍സിയും യാത്ര ചെയ്യുകയായിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 ഓടെ പുറക്കാട്ടിരി പുതിയ പാലത്തിന് സമീപമായിരുന്നു അപകടം.

പ്രസവാനന്തരം ചികിത്സയിലായിരുന്ന സിന്‍സിയുടെ സഹോദരിയെ സന്ദര്‍ശിക്കുന്നതിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ രതീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്ക്കും കാലിനും പരിക്കേറ്റ സിന്‍സി ചികിത്സയിലാണ്. 

രതീഷ് വാടക സ്റ്റോറില്‍ പന്തല്‍ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു. യുവാക്കള്‍ മദ്യലഹരിയിലാണ് ബൈക്ക് ഓടിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു.