കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപിച്ച് പരാതി.പേരാമ്പ്ര സ്വദേശി രജനി മെഡിക്കൽ കോളേജിൽ മരിച്ചത് ചികിത്സ വൈകിയതിനെ തുടർന്നാണെന്നാണ് പരാതി. നവംബർ 4 നാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. നാവിന് തരിപ്പും കാലിന് അസഹ്യമായ വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തിയത്. മാനസിക രോഗത്തിനുള്ള ചികിത്സയാണ് നൽകിയതെന്ന് കുടുംബം ആരോപിക്കുന്നു.
വൈകിയാണ് ന്യൂറോ ചികിത്സ നൽകിയതെന്നും കുടുംബം വ്യക്തമാക്കുന്നു. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് രജനി മരിക്കുന്നത്. രോഗാവസ്ഥ തിരിച്ചറിയാതെ ചികിത്സിച്ചത് ആരോഗ്യസ്ഥിതി മോശമാക്കിയെന്നും ബന്ധുക്കൾ പറയുന്നു. അതീവ ഗുരുതരമായ ഗില്ലൈൻ ബാരി സിൻഡ്രം(Guillain-Barre syndrome) രോഗം കണ്ടുപിടിക്കാനോ അതിനുള്ള ചികിത്സ നൽകാനോ ആദ്യഘട്ടത്തിൽ മെഡിക്കൽ കോളേജ് അധികൃതർക്ക് കഴിഞ്ഞില്ലെന്നും ബന്ധുക്കൾ പറയുന്നു.
നവംബർ നാലിനാണ് രജനി കാഷ്വാലിറ്റിയിൽ ചികിത്സ തേടിയിരുന്നത്. കാലിന് വേദനയും നാവിന് തരിപ്പും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനുള്ള ചികിത്സ നൽകി പറഞ്ഞയച്ചെങ്കിലും വേദന കടുത്തതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ആവശ്യമായ ചികിത്സ നൽകിയില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.കുടുംബത്തിന്റെ ആരോപണം പരിശോധിക്കുന്നതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തി.