@ameen white
കണ്ണൂര്‍: സ്ഥലം മാറ്റത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കണ്ണൂര്‍ വിജിലന്‍സ് സിഐ ബിനു മോഹന്‍. ‘പന്നികളോട് ഒരിക്കലും ഗുസ്തി കൂടരുതെന്ന് ഞാന്‍ പണ്ടേ പഠിച്ചിട്ടുണ്ട്. നമ്മളുടെ ശരീരത്തില്‍ ചെളിപറ്റും. പന്നി അത് ഇഷ്ടപ്പെടുന്നുണ്ടെങ്കിലും’, എന്ന ജോര്‍ജ് ബെര്‍ണാഡ് ഷായുടെ പ്രശസ്തമായ വരികളാണ് ബിനു മോഹന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബിനു മോഹന്‍ പ്രൊഫൈല്‍ ലോക്ക് ചെയ്തു.
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ബിനു മോഹന്റെ പേരും ഉയര്‍ന്നിരുന്നു. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ആരോപണവിധേയായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകളില്‍ ബിനു മോഹന് പങ്കുണ്ടെന്ന ആരോപണവും ഉയര്‍ന്ന് കേട്ടിരുന്നു. വ്യാപക ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബിനു മോഹനെതിരെ നടപടി എടുത്തിരുന്നു. ന്യൂ മാഹി പൊലീസ് സ്റ്റേഷനിലേക്ക് ബിനു മോഹനെ സ്ഥലംമാറ്റുകയായിരുന്നു.
പി പി ദിവ്യയുടെ ബിനാമി കമ്പനി എന്ന് ആരോപണം നേരിടുന്ന കാര്‍ട്ടണ്‍ കമ്പനിയുടെ ഡയറക്ടര്‍ ബിനു മോഹന്റെ സഹോദരനായ ബിജു മോഹനാണെന്നുള്ള ആരോപണവും ഉയര്‍ന്നിരുന്നു. എഡിഎമ്മിന്റെ മരണത്തില്‍ പി പി ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് ബിനു മോഹന്‍ സ്വീകരിച്ചതെന്നും വിമര്‍ശനം ഉയര്‍ന്നു.പെട്രോള്‍ പമ്പ് ഉടമ പ്രശാന്തനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ബിനു മോഹനായിരുന്നു. ഇതിലൂടെ പി പി ദിവ്യയെ സഹായിക്കുന്ന നിലപാടാണ് ബിനു മോഹന്‍ സ്വീകരിച്ചതെന്നും കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചിരുന്നു.