പാലക്കാട് കള്ളപ്പണ ആരോപണം; കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിൽ പരിശോധന; സംഘർഷം
പോലീസിന്‍റെ സഹായത്തോടെ സിപിഎം നടത്തുന്ന നാടകമാണ് ഹോട്ടലിലെ റെയിഡെന്ന് വി കെ ശ്രീകണ്ഠൻ ആരോപിച്ചു. രാത്രി 12ന് തുടങ്ങിയ പരിശോധന പുലര്‍ച്ചെ രണ്ടുമണി കഴിഞ്ഞും തുടർന്നു.
പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ വിതരണം ചെയ്യാനായി കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് പാലക്കാട് സംഘർഷം. ഹോട്ടലിൽ കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ച മുറികളിൽ അർധരാത്രി പോലീസ് പരിശോധന ആരംഭിച്ചതിന് പിന്നാലെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. ബിന്ദു കൃഷ്ണ, ഷാനിസമോൾ ഉസ്മാൻ എന്നിവർ താമസിച്ച മുറികളും ഹോട്ടലിലെ മറ്റു മുറികളിലുമാണ് പരിശോധന നടത്തിയത്. സ്ഥലത്ത് സിപിഎം പ്രവർത്തകരം ബിജെപി പ്രവർത്തകരും തമ്പടിച്ചു. കോൺഗ്രസ് പ്രവർത്തകർ മറുഭാഗത്തും നിലയുറപ്പിച്ചതോടെ സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു.
വനിതാ നേതാക്കളുടെ മുറിയിലേക്ക് വനിതാ ഉദ്യോഗസ്ഥരില്ലാതെയാണ് പോലീസ് സംഘം എത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. ആദ്യം പോലീസ് സംഘത്തെ മടക്കി അയച്ചു. പിന്നീട് വനിതാ ഉദ്യോഗസ്ഥയെ എത്തിച്ചാണ് പരിശോധന പൂർത്തിയാക്കിയത്. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് അറിയിച്ചത്. രാത്രി 12:10നാണ് സൗത്ത്, നോർത്ത് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തി പരിശോധന ആരംഭിച്ചത്.
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനായി അനധികൃതമായി പണം എത്തിച്ചെന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് സംഘം കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിലെത്തിയതെന്നാണ് റിപ്പോർട്ട്. ബിന്ദു കൃഷ്ണയുടെ മുറിയിലും പിന്നാലെ ഷാനിമോള്‍ ഉസ്മാന്‍റെ മുറിയിലും പോലീസ് പരിശോധന നടത്തി. മൂന്ന് നിലകളിലായുള്ള വിവിധ മുറികളിൽ പോലീസ് പരിശോധിച്ചു.
പോലീസ് പരിശോധന നടത്തിയതിന് പിന്നാലെ രാഷ്ട്രീയ പ്രവർത്തകർ ഏറ്റുമുട്ടുകയും ചെയ്തു. കോൺഗ്രസ് കള്ളപ്പണം എത്തിച്ചെന്ന ആരോപണവുമായി ഹോട്ടലിന് പുറത്ത് ബിജെപി സിപിഎം പ്രവർത്തകർ തടിച്ചുകൂടിയതോടെയാണ് സംഘർഷമുണ്ടായത്. മണിക്കൂറുകൾ നീണ്ട സംഘർഷമുണ്ടായി. സിപിഎം ബിജെപി കോൺഗ്രസ് നേതാക്കളെല്ലാം സ്ഥലത്ത് എത്തിയിരുന്നു
എഎ റഹീം എംപി, എം വിജിൻ എംഎൽഎ, പിഎം ആർഷോ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. ഷാഫി പറമ്പിൽ എംപി, വികെ ശ്രീകണ്ഠൻ എംപി, ജ്യോതികുമാർ ചാമക്കാല, അബിൻ വർക്കി തുടങ്ങിയവർ മറുവശത്തും ഉണ്ടായിരുന്നു. ബിജെപി നേതാക്കളായ വിവി രാജേഷ്, സിആർ പ്രഫുൽ കൃഷ്ണ, സ്ഥാനാർഥി സി കൃഷ്ണകുമാർ തുടങ്ങിയവരും പരിശോധന ആവശ്യപ്പെട്ട് എത്തി. സ്ഥലത്ത് ആവശ്യത്തിന് പോലീസുകാർ ഉണ്ടായിരുന്നില്ല.
വനിതാ പോലീസില്ലാതെ ഇല്ലാതെ മുറികളിൽ കയറാൻ ശ്രമിച്ചെന്ന് ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും ആരോപിച്ചു. ആരുടേയും പരാതി ഇല്ലാതെയാണ് പരിശോധന നടത്തിയതെന്നാണ് പോലീസ് പറയുന്നത്. അതേസമയം സിപിഎം പരാതി നൽകിയിരുന്നു എന്ന് കല്യാശേരി എംഎൽഎ വിജിൻ പ്രതികരിച്ചു.
കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ നടത്തിയ പരിശോധന തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പതിവ് പരിശോധയാണെന്ന് പാലക്കാട് എസിപി അശ്വതി ജിജി പറഞ്ഞു. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികളും പരിശോധിച്ചതായും എസിപി വ്യക്തമാക്കി. ആരുടേയും പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന പരിശോധന അല്ല ഇതെന്നും എസിപി പറഞ്ഞു.
തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി എല്ലാ ആഴ്ചയും നടക്കുന്ന പരിശോധന ആണിത്. എപ്പോഴും വനിത പോലീസ് ഉണ്ടാകണമെന്നില്ല, വനിതാ പോലീസ് ഇല്ലാതെ പരിശോധിക്കാൻ പറ്റില്ലെന്ന് പറഞ്ഞതോടെ ആ മുറി പരിശോധിച്ചില്ല. ബിന്ദു കൃഷ്ണയുടെ മുറി പരിശോധിച്ചത് ഭർത്താവ് കൂടെയുള്ളപ്പോഴാണ്. ഈ ഹോട്ടൽ മാത്രല്ല പല ഹോട്ടലിലും കഴിഞ്ഞ ആഴ്ചകളിലടക്കം പരിശോധന നടത്തിയിട്ടുണ്ടെന്നും എസിപി പറഞ്ഞു.