ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം: വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി


ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി 

























ലഖ്നൗ: ഉത്തർപ്രദേശിലെ സാംഭാൽ ജില്ലയിലെ ഷാഹി ജുമാമസ്‌ജിദ് സർവേയ്ക്കെതിരേ പ്രതിഷേധിച്ചവർക്ക് നേരെയുണ്ടായ പൊലിസ് വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെയുണ്ടായ വെടിവയ്പ്പിൽ മൂന്നു പേർ സംഭവസ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടിരുന്നു. നദീം അഹമ്മദ്, ബിലാൽ അൻസാരി, നുമാൻ എന്നിവരാണ് ഇന്നലെ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. സംഘർഷത്തിനിടെ നിരവധി പൊലിസ് വാഹനങ്ങൾക്ക് തീയിട്ടതായി ജില്ലാ പൊലിസ് മേധാവി അറിക്കുന്നു.

ഇന്നലെ രാവിലെ ആറോടെ അഭിഭാഷക കമ്മിഷനും മറ്റ് ഉദ്യോഗസ്ഥ സംഘവും സർവേയ്ക്കായി എത്തിയതോടെയാണ് ഷാഹി ജുമാ മസ്‌ജിദ് പരിസരം സംഘർഷഭൂമിയായത്. സർവേ സംഘം എത്തിയതോടെ സ്ഥലത്തെത്തിയ ഹിന്ദുത്വ സംഘടനാ പ്രവർത്തകർ മസ്‌ജിദ് പരിസരത്ത് പ്രകോപന മുദ്രാവാക്യം വിളിച്ചതോടെയാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രകോപന മുദ്രാവാക്യം മുഴക്കിയ ഹിന്ദുത്വ സംഘടനാ പ്രവർത്തകരെ പിരിച്ചുവിടുന്നതിന് പകരം പൊലിസ് മസ്ജിദ് പരിസരത്ത് തമ്പടിച്ച വിശ്വാസികളെ അടിച്ചോടിക്കാനാണ് ശ്രമിച്ചത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലിസ് കണ്ണീർവാതക പ്രയോഗവും നടത്തി.
അതേസമയം, പ്രതിഷേധക്കാർക്കുനേരെ വെടിവച്ചിട്ടില്ലെന്നാണ് പൊലിസിന്റെ വിശദീകരണം. എന്നാൽ, പൊലിസ് വെടിവയ്ക്കുന്നതിന്റെയും പ്രതിഷേധക്കാർക്കുനേരെ കല്ലെറിയുന്നതിൻ്റെയും വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചു.

അതിനിടെ, മസ്‌ജിദ് പരിസരത്ത് നിൽക്കുകയായിരുന്ന സ്ത്രീകളുൾപ്പെടെയുള്ള നിരവധിപേരെ സംഘർഷത്തിന്റെ പേരിൽ പൊലിസ് കസ്റ്റഡിയിലെടുത്തതായി പരാതിയുണ്ട്. സംഘർഷം രൂക്ഷമായിട്ടും സർവേ നടപടി നിർത്തിവയ്ക്കാൻ അധികൃതർ തയാറായില്ല. ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടക്കുന്നതിനിടെ അഭിഭാഷക കമ്മിഷൻ സർവേ നടപടി പൂർത്തിയാക്കിയതായി അറിയിച്ചു.

മുഗൾ കാലഘട്ടം മുതൽ നിലനിൽക്കുന്ന മസ്‌ജിദ് ഹിന്ദു ദേവാലയമായിരുന്നുവെന്ന അവകാശവാദവുമായി നവംബർ 19ന് അഭിഭാഷകനായ വിഷ്‌ണു ശങ്കർ ജെയ്ൻ നൽകിയ ഹരജിയിൽ ചാൻദൗസിയിലെ സിവിൽ സീനിയർ ഡിവിഷൻ കോടതി സർവേ നടത്താൻ അഭിഭാഷക കമ്മിഷനെ നിയോഗിക്കുകയായിരുന്നു. ഷാഹി മസ്ജിദ് മുഗൾ ഭരണകാലത്തിന് മുമ്പ് ശ്രീ ഹരിഹർ ക്ഷേത്രമായിരുന്നുവെന്നാണ് ഹരജിക്കാരന്റെ വാദം.