''ആ ദൃശ്യങ്ങള്‍ ആലപ്പുഴയിലേതല്ല...'' വിശദീകരണവുമായി ജില്ലാ പോലീസ് ; കുറുവാ സംഘത്തിന്റെ ആക്രമണം എന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നു


''ആ ദൃശ്യങ്ങള്‍ ആലപ്പുഴയിലേതല്ല...'' വിശദീകരണവുമായി ജില്ലാ പോലീസ് ; കുറുവാ സംഘത്തിന്റെ ആക്രമണം എന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നു


ആലപ്പുഴ: കുറുവാ സംഘം ആലപ്പുഴയില്‍ നടത്തിയ ആക്രമണമെന്ന പേരില്‍ വ്യാജ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലുടെ പ്രചരിപ്പിക്കുന്നതിനിതെിരെ മുന്നറിയി പ്പുമായി ജില്ലാ പോലീസ്. കുറുവാ സംഘത്തിന്റെ ആക്രമണം എന്ന രീതിയില്‍ സോഷ്യല്‍ മീഡിയകളില്‍ വിവിധതരത്തിലുള്ള വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്.

പ്രചരിക്കുന്ന സി.സി.ടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി 06-06-2024 എന്ന തീയതി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും അത് ശ്രദ്ധിക്കാതെ ജനങ്ങള്‍ വീഡിയോ ഷെയര്‍ ചെയ്യുകയാണെന്ന് പോലീസ് വ്യക്തമാക്കി. ഷഡ്ഡി ബനിയന്‍ ഗ്യാങ് അല്ലെങ്കില്‍ കച്ച ബനിയന്‍ ഗ്യാങ് എന്ന പേരില്‍ കുപ്രസിദ്ധി ആര്‍ജിച്ച ഉത്തരേന്ത്യന്‍ മോഷണസംഘത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ഇത്തരത്തില്‍ ഒരു സംഭവം ആലപ്പുഴയിലോ കേരളത്തിലോ നടന്നതായി അറിവായിട്ടില്ല. കര്‍ണാടകയിലെ മൈസൂരുവിലെ ഒരു പ്രദേശത്ത് നടന്ന മോഷണം ആണെന്ന രീതിയിലും ഈ വീഡിയോ കര്‍ണാടകയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മൈസൂര്‍ പോലീസുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരമൊരു സംഭവം നടന്നതായി അവരും സ്ഥിരീകരിച്ചിട്ടില്ല. അടുത്തകാലത്തായി ആലപ്പുഴ ജില്ലയില്‍ ചില പ്രദേശങ്ങളില്‍ കുറുവാസംഘം ഉള്‍പ്പെട്ട മോഷണം നടന്ന വാര്‍ത്തകള്‍ വന്നിരുന്നു. മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് സന്തോഷ് സെല്‍വം എന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. തുടര്‍ന്ന് എറണാകുളം സിറ്റിയിലുളള കുണ്ടന്നൂര്‍ പാലത്തിന്റെ അടിയില്‍ തമ്പടിച്ചിരുന്ന സംഘത്തെ സിറ്റി പോലീസ് ഒഴിപ്പിച്ചിട്ടുളളതാണ്. ഇതിനുശേഷം കേരളത്തിലെവിടെയും കുറുവാ മോഷണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സംസ്ഥാന പോലീസ് കൂടുതല്‍ കാര്യക്ഷമതയോടും ജാഗ്രതയോടും ഇക്കാര്യത്തില്‍ അന്വേഷണം തുടര്‍ന്നുവരികയാണ്. ജനങ്ങള്‍ക്കിടയില്‍ ജാഗ്രത ഉളവാക്കുന്നതിന് ആവശ്യമായ നടപടി കള്‍ പോലീസ് കൈക്കൊളുന്നതിന്റെ ഭാഗമായി ജാഗ്രത സമിതി രൂപീകരണവും വീടു കളില്‍ നേരിട്ടെത്തിയുള്ള അവബോധവും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതാണ്.

എന്നാല്‍ വ്യാജ വീഡിയോകളും മറ്റ് സ്ഥലങ്ങളില്‍ നടന്ന മോഷണശ്രമവും ഉള്‍പ്പെടുത്തി കുറുവാ സംഘത്തിന്റെ ആക്രമണം എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ക്കിടയാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ തങ്ങള്‍ക്ക് നേരിട്ട് അനുഭവമുണ്ടായതോ അല്ലെങ്കില്‍ നേരിട്ട് ബോധ്യം വന്നിട്ടുള്ളതോ ആയ വീഡിയോകളും വാര്‍ത്തകളും മാത്രം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതാണ് ഉചിതമെന്ന് പോലീസ് അറിയിച്ചു. ഇത്തരം വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്നതിന് മുന്‍പായി അതിന്റെ വസ്തുതയും ആധികരികതയും ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ പൊതുജനങ്ങള്‍ കൈക്കൊള്ളണമെന്ന് പോലീസ് വ്യക്തമാക്കി.