മല്ലു ഹിന്ദു ഐഎഎസ് ഗ്രൂപ്പ്: ഹാക്കിംഗ് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്ന് പൊലീസ്;ഗോപാലകൃഷ്ണന്റെ ഐഫോണും കസ്റ്റഡിയിൽ

മല്ലു ഹിന്ദു ഐഎഎസ് ഗ്രൂപ്പ്: ഹാക്കിംഗ് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്ന് പൊലീസ്;ഗോപാലകൃഷ്ണന്റെ ഐഫോണും കസ്റ്റഡിയിൽ


തിരുവനന്തപുരം : മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയതിന് പിന്നിൽ ഹാക്കിംഗ് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്ന് പൊലീസ്. മെറ്റയിൽ നിന്നുള്ള വിശദീകരണം അടക്കം ചേർത്തുള്ള പ്രാഥമിക റിപ്പോർട്ട് പൊലീസ് ഇന്ന് സർക്കാറിന് കൈമാറും. ഇതോടെ ഹാക്കിംഗ് പരാതി ഉന്നയിച്ച കെ ഗോപാലകൃഷ്ണൻ ഐഎഎസിൻറെ നടപടിയിൽ ദുരൂഹത കൂടി. ഗോപാലകൃഷ്ണൻറെ ഐ ഫോൺ ഫോറൻസിക് പരിശോധനക്കായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. 

ഏഷ്യാനെറ്റ് ന്യൂസാണ് വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഐഎഎസ് അഡ്മിനായി മല്ലു ഹിന്ദു ഓഫീസേഴ്സ് ഗ്രൂപ്പ് ഉണ്ടാക്കിയത് പുറത്ത് കൊണ്ടുവന്നത്. ഫോൺ ഹാക്ക് ചെയ്തുവെന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരാതി. പക്ഷെ ഇതുവരെ നടന്ന അന്വേഷണത്തിൽ ഹാക്കിംഗ് സ്ഥിരീകരിക്കാനായില്ല. പൊലീസ് ആവശ്യപ്പെട്ട പ്രകാരം മെറ്റ നൽകിയ വിശദീകരണത്തിൽ ഹാക്കിംഗ് സ്ഥിരീകരിച്ചിട്ടില്ല. 

മല്ലു ഹിന്ദു ഐഎഎസ് ​ഗ്രൂപ്പ്; ​ഫോൺ കൈമാറിയത് ഫോർമാറ്റ് ചെയ്ത്, ഹാക്കിം​ഗ് ഉറപ്പിക്കാൻ കഴിയില്ലെന്ന് മെറ്റ

വാട്സ് ആപ്പ് ഉണ്ടായിരുന്ന സാംസങ്ങ് ഫോണിലെ എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്ത ശേഷം ഗോപാലകൃഷ്ണൻ പൊലീസിന് കൈമാറിയതും സംശയങ്ങൾ കൂട്ടുന്നു. ഗോപാലകൃഷ്ണൻറെ ഐഫോൺകൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് ഫോണുകളും സൈബർ ഫോറൻസിക് ലാബിലേക്ക് അയച്ചു. ഈ പരിശോധനയിലും ഹാക്കിംഗ് ഉറപ്പാക്കാനായില്ലെങ്കിൽ ഗോപാലകൃഷ്ണൻ കൂടുതൽ വെട്ടിലാകും. വാട്സ് ആപ്പ് ഗ്രൂപ്പ് താൻ തന്നെ ഡിലീറ്റ് ചെയ്തെന്നായിരുന്നു ഗോപാലകൃഷണൻറെ വിശദീകരണം. ഹാക്ക് ചെയ്യപ്പെട്ടാൽ ഫോൺ ഉടമക്ക് പിന്നീട് ഗ്രൂപ്പ് സ്വന്തം നിലക്ക് ഡിലീറ്റ് ചെയ്യാൻ കഴിയില്ലെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്.  

ഹിന്ദു ഗ്രൂപ്പിന് പിന്നാലെ ഗോപാലകൃഷ്ണൻ അഡ്മിനായി മുസ്ലീം ഗ്രൂപ്പ് അടുത്ത ദിവസം നിലവിൽ വന്നതിലും ദുരൂഹതയുണ്ട്. ഹാക്കിംഗ് അല്ലെന്ന് ഉറപ്പിച്ചാൽ ഗോപാലകൃഷ്ണനോട് സർക്കാർ വിശദീകരണം തേടും. സ്വന്തം നിലക്ക് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന് ഉറപ്പിച്ചാൽ  അഖിലേന്ത്യാ സർവ്വീസ് ചട്ടങ്ങളുടെ ലംഘനമെന്ന നിലക്ക് കടുത്ത നടപടിയുണ്ടാകും.