തൃശ്ശൂർ : ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് തെളിഞ്ഞെന്ന അവകാശവാദവുമായി സിപിഎം നേതാക്കൾ. ചേലക്കര നിലനിർത്തിയതിന് പിന്നാലെയാണ് സിപിഎം നേതാക്കളുടെ അവകാശവാദം. കളളപ്രചരണ വേലകൾ വെറുതെയായെന്നും ഭരണ വിരുദ്ധ വികാരമില്ലെന്നും കെ രാധാകൃഷ്ണൻ എംപി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
''ചേലക്കരയിൽ ഉജ്വല വിജയം നേടുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. ഏറെ സന്തോഷവും അഭിമാനവുമുളള നിമിഷമാണ്. യുഡിഎഫിന്റെ എല്ലാ കള്ള പ്രചരണങ്ങളെയും തള്ളിപ്പറഞ്ഞാണ് ചേലക്കരയിലെ ജനങ്ങൾ ഇടുപക്ഷത്തിനൊപ്പം അണിനിരന്നത്. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. പാലക്കാട് ഇടത് മുന്നണി മൂന്നാം സ്ഥാനത്ത് നിൽക്കുന്ന മണ്ഡലമാണ്'. അവിടെ പോലും വലിയൊരു തിരിച്ചടിയുണ്ടായിട്ടില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെ ജനം അംഗീകരിച്ചുവെന്നും ഭരണവിരുദ്ധ വികാരമില്ലെന്ന് വ്യക്തമായ തെരഞ്ഞെടുപ്പാണ് നടന്നതെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം. ബിജെപിയും യുഡിഎഫും വലിയ തോതിൽ കളളങ്ങൾ പ്രചരിപ്പിച്ചു. ക്ഷേമ പ്രവർത്തനങ്ങൾ പക്ഷെ ജനങ്ങൾ മനസിലാക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും റിയാസ് കൂട്ടിച്ചേർത്തു. ഇടത് പക്ഷത്തെ ജനം കൈവിട്ടില്ലെന്ന് ചേലക്കരയിൽ ഇടതുപക്ഷത്തിനായി മിന്നും ജയം നേടിയ യുആർ പ്രദീപും പ്രതികരിച്ചു.