ഇരിട്ടി മുനിസിപ്പാലിറ്റി വാർഡ് വിഭജനം : സി പി എം ഓഫീസിലെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചെന്ന് യുഡിഎഫ്
ഇരിട്ടി: ഇരിട്ടി മുനിസിപ്പാലിറ്റി നിർദ്ദിഷ്ട വാർഡ് വിഭജന കരട് പട്ടിക സിപിഎം ഓഫീസിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് തയ്യാറാക്കിയതാണെന്നും തികച്ചും അശാസ്ത്രീയവും നിയമ വിരുദ്ധമാണെന്നും യുഡിഎഫ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി കുറ്റപ്പെടുത്തി.
ഇടതുപക്ഷത്തിൻ്റെ ഭരണ പരാജയം മറച്ചു വെക്കുന്നതിനും തെറ്റായ മാർഗത്തിലൂടെ തുടർഭരണം നേടുന്നതിന്നും വേണ്ടി ജനാധിപത്യത്തെ അട്ടിമറിച്ചും വാർഡ് വിഭജന നിയമങ്ങളെ കാറ്റിൽ പറത്തിയുമാണ് വാർഡ് വിഭജനം നടത്തിയത്.
ചട്ടപ്രകാരം വ്യക്തമാക്കേണ്ട വാസഗ്രഹങ്ങളുടെയും അല്ലാത്തവയുടെയും നമ്പറുകൾ വ്യക്തതയില്ലാത്തതും വാർഡ് വിഭജന കരട് പട്ടികയ്ക്ക് അനുബന്ധമായി നൽകിയ അനുബന്ധം രണ്ടും അനുബന്ധം അഞ്ചും വാസഗ്രഹങ്ങളുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം നിർദ്ദിഷ്ട വാർഡ് ലിസ്റ്റ് പൂർണ്ണമായും നിയമവിരുദ്ധമാണന്നതിൻ്റെ തെളിവാണെന്നും യുഡിഎഫ് യോഗം ആരോപിച്ചു.
യുഡിഎഫ് പേരാവൂർ നിയോജക മണ്ഡലം ചെയർമാൻ പി കെ ജനാർദ്ദനൻ ജനറൽ കൺവീനർ ഇബ്രാഹിം മുണ്ടേരി , മുസ്ലിം ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡൻറ് എംഎം മജീദ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി എ നസീർ , സമീർ പുന്നാട് , സി കെ ശശി, കെ വി രാമചന്ദ്രൻ , വി പി റഷീദ്, ചൂര്യയോട് അശ്റഫ് , കെ വി പവിത്രൻ , എം.കെ ഹാരിസ് , സി കെ അഷ്റഫ് , കേളോത്ത് നാസർ , സി.സി നസീർ ഹാജി , കെ സുമേഷ് കുമാർ , ഷാനിദ് പുന്നാട് , വി ശശി , പി.ബഷീർ , കോമ്പിൽ അബ്ദുൽ ഖാദർ പ്രസംഗിച്ചു.