ഇസ്രായേൽ നടത്തുന്നത് വംശഹത്യ, പലസ്തീനെ അം​ഗീകരിക്കുന്നതുവരെ ഇസ്രായേലിനെ അംഗീകരിക്കില്ലെന്ന് സൗദി രാജകുമാരന്‍

ഇസ്രായേൽ നടത്തുന്നത് വംശഹത്യ, പലസ്തീനെ അം​ഗീകരിക്കുന്നതുവരെ ഇസ്രായേലിനെ അംഗീകരിക്കില്ലെന്ന് സൗദി രാജകുമാരന്‍


റിയാദ്: പലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന് സൗദി അറേബ്യയുടെ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ. അറബ് നേതാക്കളുടെ ഉച്ചകോടിയിൽ സംസാരിച്ചപ്പോഴാണ് അദ്ദേഹം വിമർശനമുന്നയിച്ചത്. സഹോദരരായ പലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന വംശഹത്യയെ രാജ്യം അപലപിക്കുകയും എതിർക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദും ഇക്കാര്യം പറഞ്ഞിരുന്നു. ഇറാനെ ആക്രമിക്കുന്നതിൽ നിന്ന് ഇസ്രായേലിനെ തടയണമെന്നും ഇറാൻ്റെ പരമാധികാരത്തെ മാനിക്കണമെന്നും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു.
പലസ്തീൻ രാഷ്ട്രം രൂപീകരിക്കാത്തിടത്തോളം കാലം രാജ്യം ഇസ്രായേലിനെ അംഗീകരിക്കില്ലെന്ന് കിരീടാവകാശി സെപ്റ്റംബറിൽ പറഞ്ഞിരുന്നു.

തിങ്കളാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ, യുഎൻ ജനറൽ അസംബ്ലിയിൽ ഇസ്രായേലിൻ്റെ അംഗത്വം മരവിപ്പിക്കാൻ നീക്കം നടത്തിയതായി അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബൂൾ ഗെയ്ത് പറഞ്ഞു. അംഗത്വം മരവിപ്പിക്കുന്നത് സെക്യൂരിറ്റി കൗൺസിലിൻ്റെ അധികാരപരിധിയിൽ വരില്ലെന്നും ജനറൽ അസംബ്ലിക്ക് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎൻജിഎയുടെ ഭൂരിപക്ഷ തീരുമാനത്തിലൂടെ ഇസ്രായേലിൻ്റെ അംഗത്വം മരവിപ്പിക്കുന്നതിന്  ഉടൻ സാക്ഷ്യം വഹിച്ചേക്കാമെന്നും അബുൾ ​ഗെയ്ത് പറഞ്ഞു. എല്ലാ രാജ്യങ്ങളും ഇസ്രായേലിലേക്കുള്ള ആയുധങ്ങൾ കയറ്റുമതി നിരോധിക്കണമെന്നും ഇസ്രായേലിലെ സിവിലിയൻ, സൈനിക ഉദ്യോഗസ്ഥർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതി തയ്യാറാകണമെന്നും അറബ് ലീ​ഗ് ആവശ്യപ്പെട്ടു.

കഴിഞ്ഞ 13 മാസത്തിനുള്ളിൽ ഗാസയിൽ ഇസ്രായേൽ നടത്തിയ സൈനിക ആക്രമണം പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കി. ഏതാണ്ട് മുഴുവൻ ജനങ്ങളെയും മാറ്റിപ്പാർപ്പിച്ചു. പട്ടിണി പ്രതിസന്ധി സൃഷ്ടിച്ചുവെന്നും അറബ് ലീ​ഗ് ആരോപിച്ചു. എന്നാൽ, ആരോപണങ്ങളെ ഇസ്രായേൽ തള്ളി.