ഹോക്കി പാതിരിയാടിന്റെ ഹൃദയതാളം:, പരിശീലനത്തിന് ടർഫ് വേണമെന്ന ആവശ്യം ശക്തമാകുന്നു
പാതിരിയാട്: പാതിരിയാട്ടെ പവർഹൗസ് ഉണർന്നു.
ഹോക്കി സ്റ്റിക്കുമായി മൈതാനത്തേക്ക് കുതിക്കുന്ന കുട്ടികളെ കണികണ്ടുണരുന്ന ഗ്രാമ മാണ് പാതിരിയാട്. ഹോക്കിയിൽ കേരളത്തിന്റെ 'പവർ ഹൗസാ'ണ് ഈ ഗ്രാമം. അവധിയില്ലാത്ത ഹോക്കി പരിശീലനമാണ് പാതിരിയാടിൻ്റെ പ്രത്യേകത. ഹൈസ്‌കൂൾ, യു പി വിഭാഗങ്ങളിലായി നൂറുകണക്കിനു കുട്ടികൾ പരിശീലനം നടത്തുന്നു. പരിശീലനത്തിന് രാജ്യാന്തര താരങ്ങളുടെ സേവനവുമുണ്ട്. സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹോക്കി പരിശീലന കേന്ദ്രം കൂടിയാണ് പാതിരിയാട് സ്കൂൾ.
പാതിരിയാട് സ്കൂളിൻ്റെ നേട്ടങ്ങളും ഒട്ടേറെ സംസ്ഥാന ജൂനിയർ ഹോക്കി, ഉത്തര മേഖലാ ഹോക്കി അണ്ടർ 16. സംസ്ഥാന പൈക്ക ഹോക്കി, ഇൻ്റർ സ്കൂൾ ഹോക്കി, മിനി ഗെയിംസ്, സംസ്ഥാന ഹോക്കി അണ്ടർ 17, ഹോക്കി അസോസിയേഷൻ ചാംപ്യൻഷിപ്പ് എന്നിവയിലെല്ലാം പാതിരിയാട് ആയിരുന്നു ജേതാക്കൾ.
ജൂനിയർ ഏഷ്യ കപ്പിൽ ഇന്ത്യൻ ഗോൾ വലയംകാത്ത പി കെ നിയാസ്, ഇന്ത്യൻ ടീം ക്യാമ്പിൽ ഇടം നേടിയ എം. നിഷാന്ത്, സരിൻ, കെ.എം ആര്യ സിഞ്ജിത്, ശ്രീരാഗ്, കെ.നിയാ സ്. എം.കെ ഷിൽന, എ.വിന്യ യു.വി റഷ്‌മാൻ തുടങ്ങിയ ദേശീയ താരങ്ങൾ, എൻഐഎസ് പരിശീലകരായ യൂ.വി മുജീബ് റഹ്‌മാൻ, കെ.വി ഐശ്വര്യ, കെ.വി അർജുൻ, കർണാടക വനിതാ ടീമിനെ നയിക്കുന്ന ദേവിക, ഷാനിയ, കെ.ദേവാഞ്ജന, അമയ ശ്രീജിത്, വൈഗ മധു, സി.പാർഥിവ്, തുടങ്ങിയവർ സ്കൂളിൻ്റെ സംഭാവനയാണ്.
താരങ്ങൾക്ക് കരുത്തേകാൻ ടർഫ് വേണം
പാതിരിയാട് കോട്ടയം രാജാസ് ഹൈസ്‌കൂളിലെ ഹോക്കി താരങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി ടർഫ് ഗ്രൗണ്ടിന്റെ അഭാവമാണ്. ടർഫിലെ പരിശീലനത്തിൻ്റെ അഭാവം താരങ്ങൾക്ക് മുന്നിൽ യഥാർഥ വില്ലനാകുന്നു. കല്ലും മണ്ണും നിറഞ്ഞ ഗ്രൗണ്ടിൽ നിന്ന് ലഭിച്ച പരിശീലനവുമായി മത്സരത്തിനിറങ്ങുന്ന ഹോക്കി താരങ്ങൾക്ക് ടർഫിൽ മികച്ച പരിശീലനം ലഭിച്ചെത്തുന്ന മറ്റു ടീമുകൾക്ക് മൂന്നിൽ വേണ്ടത്ര മികവ് പുലർത്താൻ സാധിക്കുന്നില്ല.