ആറളം ഫാമില്‍ നടപ്പാക്കുന്നത് കാർഷിക സംരംഭക സഹകരണ പദ്ധതി -കാര്‍ത്തിക് പാണിഗ്രഹി ഐ എ എസ്

ആറളം ഫാമില്‍ നടപ്പാക്കുന്നത് കാർഷിക സംരംഭക സഹകരണ പദ്ധതി -
കാര്‍ത്തിക് പാണിഗ്രഹി ഐ എ എസ്














 

ഇരിട്ടി: ആറളം മേഖലയിൽ 2004 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ കൃഷിയിടമായി നിലനിർത്തിയ പ്രദേശത്ത്  വിവിധ പ്രതിസന്ധികള്‍ മൂലം പൂർണമായും  കൃഷിക്കായി  ഉപയോഗപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഫാമിൽ തരിശായി കിടക്കുന്ന ഭൂമി കർഷക  സംരംഭ സഹകരണത്തത്തിലൂടെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നാണ്യവിളകൃഷികളിലൂടെ ഫാമിന് വരുമാനവും ആദിവാസി സമൂഹത്തിലെ തൊഴിലാളികൾക്ക് തൊഴിലും ഉറപ്പാക്കുന്നതിനായിട്ടാണ്  ആറളം ഫാമിങ് കോര്‍പറേഷന്‍ കേരള ലിമിറ്റഡ് തീരുമാനം  എടുത്തതെന്ന് ആറളം ഫാം മാനേജിംഗ് ഡയറക്ടർ കാർത്തിക് പാണിഗ്രാഹി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.  
കഴിഞ്ഞ ദിവസം താലൂക്ക് സഭയിലടക്കം ആറളം ഫാമിലിന്റെ ഭൂമി പലർക്കും ദീർഘകാലത്തേക്ക്  പാട്ടത്തിന് കൊടുക്കുന്നതായും ഇതിനെതിരെ ശക്തമായ നടപടികൾ ആവശ്യമാണെന്നുമുള്ള തരത്തിൽ ചർച്ച നടത്തുകയും ഇവ വാർത്തയാവുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് ആറളം ഫാം മാനേജിംഗ് ഡയറക്ടർ പത്രക്കുറിപ്പിറക്കിയത്. 
കാർഷിക സംരംഭക സഹകരണ പദ്ധതികള്‍ നടപ്പിലിക്കാൻ  താല്പര്യ പത്രങ്ങൾ  പരസ്യമായി ക്ഷണിച്ചതിനു ശേഷം  ഫാം മുന്നോട്ട് വെച്ച ഉപാധികളുമായി സഹകരിക്കാന്‍ തയ്യാറായ കാർഷിക സംരംഭങ്ങളുമായി  ഹ്രസ്വകാല - ദീര്‍ഘകാല സഹകരണ പദ്ധതിക്ക് ഉടമ്പടികളാണ് ഇപ്പോൾ വെച്ചിട്ടുള്ളത്.  നിലവിലുള്ള സർക്കാർ ചട്ടങ്ങൾ പാലിച്ചു കൊണ്ട് ഫാം ഭൂമിയില്‍ കൃഷി നടപ്പാക്കാനുള്ള അനുമതി മാത്രമാണ് ഉടമ്പടി വഴി നല്‍കുന്നത്. പാട്ടം, ലീസ് എന്നിങ്ങനെയുള്ള യാതൊരു വ്യവസ്ഥകളും മുന്‍നിര്‍ത്തി ഒരു ഉടമ്പടിയും വെച്ചിട്ടില്ല.  ഫാം ഭൂമിയുടെ അധികാരം പൂര്‍ണമായും ആറളം ഫാമിങ് കോര്‍പറേഷന്‍ കേരള ലിമിറ്റഡിന് തന്നെയാണ്. ആകെ തൊഴിലിന്റെ എഴുപതു ശതമാനം  ആദിവാസി വിഭാഗങ്ങൾക്ക് നൽകണമെന്ന് അനുമതി പത്രത്തിൽ പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട് . ഇതിലൂടെ പ്രതിവര്‍ഷം അരലക്ഷത്തിലധികം തൊഴില്‍ ദിനങ്ങളും അധികമായി  ലഭിക്കും. കാർഷിക വരുമാനത്തിന്റെ നിശ്ചിത  തുക മിനിമം ഗ്യാരന്റിയാക്കിയാണ് ഫാം മാനേജ്‌മെന്റ് ഉടമ്പടി ഒപ്പുവെച്ചിട്ടുള്ളത്. ഫാമിന്റെ നിലവിലുള്ള കൃഷിയിടങ്ങളും ഭൂമിയും സർക്കാർ ഗ്രാൻ്റുകളും പദ്ധതികളും ലഭ്യമാക്കി നേരിട്ട് സംരക്ഷിക്കുകയും പുഷ്ടിപെടുത്തുകയും വൈവിധ്യവല്‍ക്കരണം നടപ്പാക്കുകയും ചെയ്യുന്നതിനൊപ്പം തന്നെ നിലവിൽ തരിശായ ഭൂമി കാർഷിക സംരംഭക സഹകരണ പദ്ധതി വഴി വരുമാനദായകവും ആദിവാസികള്‍ക്ക് തൊഴില്‍സുരക്ഷയും ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആണ്  ആറളം ഫാമിങ് കോര്‍പറേഷന്‍ കേരള ലിമിറ്റഡ് നടത്തുന്നതെന്ന് ആറളം ഫാം മാനേജിംഗ് ഡയറക്ടർ കാർത്തിക് പാണിഗ്രാഹി പത്രക്കുറിപ്പിൽ അറിയിച്ചു.