തിരുവനന്തപുരം
ഗസറ്റഡ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ള 1452 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റിയതിനെതിരെ കർശന നടപടിക്കൊരുങ്ങി സർക്കാർ. വാർഷിക മസ്റ്ററിങ് നടത്തിയാലേ ക്ഷേമപെൻഷൻ ലഭിക്കൂവെന്നതിനാൽ അറിയാതെ സംഭവിച്ചതാണെന്ന് പറയാൻ കഴിയില്ല.
ഭിന്നശേഷിക്കാർ, വിധവകൾ എന്നിവർക്കുള്ള പെൻഷനാണ് അനധികൃതമായി കൈപ്പറ്റാൻ സാധ്യത. പെൻഷൻ ലഭ്യമായിത്തുടങ്ങിയശേഷം ജോലി ലഭിച്ചവരാണോ എന്നതു തുടർ പരിശോധനയിലൂടെയേ വ്യക്തമാകൂ. എത്രകാലമായി വാങ്ങുന്നു, എത്രതുക കൈപ്പറ്റി, പട്ടികയിൽ വന്നതെങ്ങനെ എന്നുള്ള കാര്യങ്ങൾ പരിശോധിച്ചാകും നടപടി. വകുപ്പുതലത്തിലുള്ള നടപടിയുമുണ്ടാകും. ധനവകുപ്പിന്റെ പരിശോധന തുടരുകയാണ്.
ക്ഷേമപെൻഷൻകാരുടെ വിവരങ്ങളുള്ള ‘സേവന’ പോർട്ടലിലേയും ജീവനക്കാരുടെ വിവരങ്ങൾ അടങ്ങിയ ‘സ്പാർക്ക്’ പോർട്ടലിലെയും ഡാറ്റകൾ പരിശോധിച്ച് ഇൻഫമേഷൻ കേരള മിഷനാണ് ശമ്പളത്തിനൊപ്പം ക്ഷേമപെൻഷനും വാങ്ങുന്നവരുണ്ടെന്ന് കണ്ടെത്തിയത്. 64.46 ലക്ഷം പേർ സാമൂഹ്യക്ഷേമ പെൻഷൻ വിവരങ്ങൾ സൂക്ഷിക്കുന്ന ‘സേവന’ പോർട്ടലിലുണ്ട്. ഇവരുടെ ആധാർ നമ്പർ സ്പാർക്ക് പോർട്ടലിലുള്ളവരുടേതുമായി ഒത്തുനോക്കി ഇരട്ട ആനുകൂല്യം കൈപ്പറ്റുന്നത് സ്ഥിരീകരിക്കുകയായിരുന്നു.
സിവിൽ സർവീസിന്
അപമാനകരം:
എൻജിഒ യൂണിയൻ
സർക്കാർ സർവീസിന്റെ ഭാഗമായിരിക്കെ അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയ ജീവനക്കാരുടെ നടപടി സിവിൽ സർവീസിന് അപമാനകരമെന്ന് എൻജിഒ യൂണിയൻ. ഇത്തരക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം. ഇത് ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത പുലർത്തണമെന്ന് യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്കുമാർ ആവശ്യപ്പെട്ടു. സർക്കാർ ഉദ്യോഗസ്ഥർ പ്രതിഫലം പറ്റുന്ന മറ്റു തൊഴിലുകളിൽ ഏർപ്പെടാനോ സാമ്പത്തികമോ അല്ലാത്തതോ ആയ സഹായങ്ങൾ സ്വീകരിക്കാനോ പാടില്ല. ഈ നിയമം നിലനിൽക്കെയാണ് 1458 ജീവനക്കാർ അനധികൃതമായി ക്ഷേമ പെൻഷൻ വാങ്ങിയത്. പെരുമാറ്റച്ചട്ടം ലംഘിക്കുന്നതും ധാർമികതയെ വെല്ലുവിളിക്കുന്നതുമാണിത്. ഉദ്യോഗസ്ഥരുടെ ഭാഗത്തെ വീഴ്ചയും പരിശോധിക്കണം. സിവിൽ സർവീസിനെ അവമതിപ്പ് സൃഷ്ടിക്കുന്നവരെ തുറന്നുകാട്ടി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ജീവനക്കാർ തയ്യാറാകണമെന്നും- യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു.
വിഷയം
ഗൗരവതരം:
എം വി ഗോവിന്ദൻ
സാമൂഹ്യസുരക്ഷാ പെൻഷൻ ചെറിയ വിഭാഗം സർക്കാർ ജീവനക്കാർ കൈപ്പറ്റുന്നുവെന്നത് ഗൗരവതരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇത്തരം തെറ്റായ പ്രവണത ഒഴിവാക്കണം. സാമൂഹ്യനീതിക്കായുള്ള ഇടപെടലിന്റെ ഭാഗമാണ് സാമൂഹ്യസുരക്ഷാ പെൻഷൻ. ഇത് സാമ്പത്തിക പ്രതിസന്ധിയിലും നൽകിയിട്ടുണ്ട്. ഒരുകാരണവശാലും പെൻഷൻ മുടങ്ങരുതെന്നാണ് സർക്കാർ നിലപാട്. അനർഹരെ ഒഴിവാക്കി പെൻഷൻ വിതരണം സുതാര്യമാക്കാൻ കർശന നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.