ലോക കാലാവസ്ഥ ഉച്ചകോടി (COP 29) അസർബൈജിസ്ഥാനിലെ ബാക്കുവില്‍ നടക്കുകയാണ്. ഉച്ചകോടിക്കിടെ ‘കാലാവസ്ഥാ വ്യതിയാന പ്രവര്‍ത്തന സൂചിക – 2025’ (Climate Change Performance Index, CCPI) പ്രകാരം ഇന്ത്യ റാങ്കിങ്ങിൽ പിന്നോട്ട് പോയി എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. കോപ് 28 സമ്മേളിക്കുമ്പോള്‍ 2024 ലെ സൂചിക പ്രകാരം ഏഴാം റാങ്കിലുണ്ടായിരുന്ന ഇന്ത്യ ഈ വർഷം മൂന്ന് റാങ്ക് താഴ്ന്ന് പത്താം സ്ഥാനത്തെത്തിയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ദില്ലിയിലെ വായുമലിനീകരണത്തെ കുറിച്ചുള്ള ആശങ്കകരമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതും ഇതേസമയത്ത് തന്നെ. അതേസമയം 2024 നവംബർ 22-ന് സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (CPCB) രേഖപ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവും മികച്ച ശുദ്ധവായു ലഭിക്കുന്ന നഗരങ്ങളില്‍ കേരളത്തില്‍ നിന്നും കണ്ണൂര്‍ നഗരം ഇടംപിടിച്ചു. അതേസമയം നേരത്തെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന തൃശൂര്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പുതിയ റിപ്പോര്‍ട്ടില്‍ ദില്ലിയിലെ വായുവിന്‍റെ ഗുണനിലവാരത്തിൽ നേരിയ പുരോഗതി കൈവരിച്ചെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 'കഠിനമായ' വിഭാഗത്തില് നിന്ന് 'വളരെ മോശം' വിഭാഗത്തിലേക്കാണ് ദില്ലിയുടെ വായുവിന്‍റെ നിലവാരം മാറിയതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് വ്യാഴാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ഇന്ത്യയില്‍ മികച്ച വായു നിലവാരമുള്ള പത്ത് നഗരങ്ങള്‍ ഇവയാണ്.
1. മിസോറാമിലെ ഐസ്വാൾ (വായു ഗുണനിലവാരം 27)
2. തമിഴ്നാട്ടിലെ തിരുനെൽവേലി (വായു ഗുണനിലവാരം 30)
3. കർണാടകയിലെ മടിക്കേരി (വായു ഗുണനിലവാരം 35)
4. കേരളത്തിലെ കണ്ണൂർ (വായു ഗുണനിലവാരം 36)
5. മേഘാലയിലെ ഷില്ലോംങ്, (വായു ഗുണനിലവാരം 37)
6. അസാമിലെ നാഗോൺ, (വായു ഗുണനിലവാരം 37)
7. കർണാടകയിലെ വിജയപുര (വായു ഗുണനിലവാരം 37)
8. കർണാടകയിലെ ബഗാൽകോട്ട് (വായു ഗുണനിലവാരം 43)
9. കേരളത്തിലെ തൃശ്ശൂര്‍ (വായു ഗുണനിലവാരം 44)
10. കര്‍ണാടകയിലെ മംഗളൂരു (വായു ഗുണനിലവാരം 44)
ഇന്ത്യയിലെ വടക്കുകിഴക്കൻ നഗരങ്ങളായ ഐസ്വാൾ, ഷില്ലോംഗ് എന്നീ നഗരങ്ങള്‍ ഉയർന്ന ഭൂപ്രകൃതിയും സമൃദ്ധമായ പച്ചപ്പും ഉള്ളതിനാല്‍ വായുവിൽ നിന്നുള്ള മലിനീകരണത്തെ ഫലപ്രദമായി നീക്കം ചെയ്യുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അതേസമയം ആദ്യത്തെ പത്ത് നഗരങ്ങളില്‍ കര്‍ണാടകയില്‍ നിന്നും നാലും കേരളത്തില്‍ നിന്നും രണ്ടും തമിഴ്നാട്ടില്‍ നിന്നും ഒരു നഗരവും ഇടംപിടിച്ചത് തെക്കേ ഇന്ത്യയിലെ വായു ഗുണനിലവാരത്തിന്‍റെ മികവ് എടുത്ത് കാട്ടി. ബാക്കി മൂന്ന് നഗരങ്ങള്‍ മിസോറാം, മേഘാലയ, അസം തുടങ്ങിയ കിഴക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവയാണ്.