വയനാട്‌ ഉരുൾപൊട്ടൽ ; രണ്ടാഴ്ചയ്‌ക്കകം തീരുമാനം വേണം ; കേന്ദ്രത്തോട്‌ 
ഹൈക്കോടതി


വയനാട്‌ ഉരുൾപൊട്ടൽ ; രണ്ടാഴ്ചയ്‌ക്കകം തീരുമാനം വേണം ; കേന്ദ്രത്തോട്‌ 
ഹൈക്കോടതി



കൊച്ചി
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി (ലെവൽ 3 വിഭാഗം) പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഹൈക്കോടതി. ദുരന്തമുണ്ടായി നാലുമാസം പിന്നിട്ടിട്ടും നടപടിയുണ്ടായില്ലെന്നും ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് ഓർമിപ്പിച്ചു. മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമല്ലെന്ന കേന്ദ്രസർക്കാരിന്റെ നിലപാടിൽ പ്രതിഷേധം ഉയരുന്നതിനിടെയായിരുന്നു ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയുടെ വിശദീകരണം അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. സഹായം സംബന്ധിച്ച് കേന്ദ്രം ഉറപ്പുപറയുന്നില്ലെന്നും എജി ബോധിപ്പിച്ചതോടെ ഹൈക്കോടതി കേന്ദ്രത്തിന്റെ നിലപാട് തേടി.
അതിതീവ്ര ദുരന്തമേഖലയായി പ്രഖ്യാപിക്കാൻ ഉന്നതാധികാര സമിതിയോഗം ചേരണമെന്നും അതിന് കഴിഞ്ഞിട്ടില്ലെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എ ആർ എൽ സുന്ദരേശൻ അറിയിച്ചു. ദുരന്തതീവ്രത സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

നവംബർ അവസാനത്തോടെ ഉന്നതാധികാരസമിതിയുടെ തീരുമാനം അറിയിക്കാം. കേന്ദ്ര സഹമന്ത്രിയുടെ കത്ത് സംബന്ധിച്ച് വ്യക്തത വരുത്താമെന്നും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നിലവിലെ ഫണ്ട് ഉപയോഗിക്കുന്നതിൽ തടസ്സമില്ലെന്നും അറിയിച്ചു. കേന്ദ്രം തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കണമെന്ന് അമിക്കസ് ക്യൂറി രഞ്ജിത് തമ്പാനും ആവശ്യപ്പെട്ടു. ദുരന്തബാധിതരുടെ ബാങ്ക്വായ്പകൾ എഴുതിത്തള്ളുന്നതിൽ തീരുമാനം വേണമെന്നും കോടതി നിർദേശിച്ചു. കേസ് 22ന് വീണ്ടും പരിഗണിക്കും

വയനാട്ടിൽ 19ന് എൽഡിഎഫ് 
ഹർത്താൽ
മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ച വഞ്ചനക്കും അനീതിക്കുമെതിരെ എൽഡിഎഫ് ചൊവ്വാഴ്ച വയനാട്ടിൽ ഹർത്താൽ ആചരിക്കും. ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താലെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ അറിയിച്ചു. 19ന് യുഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.