@noorul ameen

കണ്ണൂർ: ഉദ്ഘാടനം കഴിഞ്ഞ് 10 മാസമായിട്ടും കണ്ണൂർ മട്ടന്നൂരിലെ റവന്യൂ ടവർ തുറന്നു പ്രവർത്തിക്കുന്നില്ല. വിവിധ ഇടങ്ങളിലായി ചിതറി കിടക്കുന്ന 15 സർക്കാർ സ്ഥാപനങ്ങളെ ഒരു കുടക്കീഴിലാക്കാൻ റവന്യൂ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് നോക്കുകുത്തിയായത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരക്കിട്ട് ഉദ്ഘാടനം നടത്തിയെന്നാണ് റവന്യൂ ടവർ തുറക്കാത്തതിൽ ഉയരുന്ന ആക്ഷേപം.
ഇരിട്ടി മട്ടന്നൂർ റോഡരികിലെ അഞ്ചു നില കെട്ടിടമാണ് നോക്കുകുത്തിയായത്. കിഫ്ബി ഫണ്ടിൽ നിന്ന് 18 കോടി മുടക്കി പണിതതാണ് കെട്ടിടം. നഗരത്തിൽ പലയിടത്തായി ചിതറിക്കിടക്കുന്ന എഇഒ ഓഫീസ്, എംപ്ലോയ്മെന്റ് എക്സേഞ്ച്, ലീഗൽ മെട്രോളജി ഓഫീസ് തുടങ്ങിയ സർക്കാർ ഓഫീസുകൾ എല്ലാം ഒരു കുടക്കീഴിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. 2018 ജൂണിൽ മന്ത്രിസഭ പദ്ധതിയ്ക് അംഗീകാരം നൽകി. പിന്നാലെ നിർമ്മാണവും തുടങ്ങി. ഉദ്ഘാടനം കഴിഞ്ഞ് 10 മാസമായിട്ടും കെട്ടിടം തുറക്കാത്തത് വൈദ്യുതീകരണം പൂർത്തിയാകാത്തത് കൊണ്ടാണെന്ന് റവന്യൂ വകുപ്പിന്റെ വിശദീകരിക്കുന്നു.