
ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് കര തൊട്ടതോടെ തമിഴ്നാട്ടിലടക്കം അതീവ ജാഗ്രത. വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ തമിഴ്നാട് , പുതുച്ചേരി, ആന്ധ്രാ തീരങ്ങൾ അതീവജാഗ്രതയിലാണ്. കനത്ത മഴയ്ക്കിടെ രണ്ട് പേര്‍ ചെന്നൈയില്‍ ഷോക്കേറ്റ് മരിച്ചത് ദുരന്തത്തിന്റെ തീവ്രതയേറ്റി. കരയിലേക്ക് അടുക്കുന്നതിനാൽ രാത്രി മഹാബലിപുരത്തിനും പുതുച്ചേരിക്കും ഇടയിൽ ഫിൻജാൽ ചുഴലിക്കാറ്റ് വലിയ നാശ നഷ്ടം ഉണ്ടാക്കിയെക്കും എന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ നിഗമനം. മഹാബലിപുരത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി തുടങ്ങിയ കനത്ത മഴയിൽ ചെന്നൈ നഗരം വെള്ളത്തിൽ മുങ്ങി. ചെന്നൈ വിമാനത്താവളം ഞായറാഴ്ച രാവിലെ വരെ അടച്ചു. പല ട്രെയിനുകളും ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് എത്താതെ യാത്ര അവസാനിപ്പിച്ചു. സബർബൻ ട്രെയിൻ സർവീസുകളും പല റൂട്ടുകളിലും നിർത്തി. 2500 ലേറെ ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു. ഏത് സ്ഥിതിയും നേരിടാൻ സജ്ജമാണെന്ന് തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാർ വ്യക്തമാക്കിയത്. തീരദേശ ആന്ധ്രയിലും രായൽസീമയിലും മഴ കനക്കും. അതേസമയം ഫിൻജാൽ ചുഴലിക്കറ്റിനെ തുടർന്നുള്ള മഴയിൽ ശ്രീലങ്കയിൽ മരണം 19 ആയിട്ടുണ്ട്.