കേരളത്തിലെ ചുരുക്കം ചില ആശുപത്രികളില്‍ മാത്രം ചെയ്യാറുള്ള ഈ ചികിത്സ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായിട്ടാണ് നടത്തിയത്

ഹൃദയം തുറക്കാതെ ഹൃദയ വാല്‍വ് മാറ്റിവച്ച് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. അക്കിക്കാവ് സ്വദേശിനിയായ എഴുപത്തിനാല് വയസുള്ള വീട്ടമ്മയ്ക്കാണ് വാല്‍വ് മാറ്റിവച്ചത്. കേരളത്തിലെ ചുരുക്കം ചില ആശുപത്രികളില്‍ മാത്രം ചെയ്യാറുള്ള ഈ ചികിത്സ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായിട്ടാണ് നടത്തിയത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഈ ചികിത്സ ലഭ്യമാണ്. വിജയകരമായ നൂതന ചികിത്സയിലൂടെ രോഗിയുടെ ജീവന്‍ രക്ഷിച്ച മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
74 വയസുകാരി നടക്കുമ്പോള്‍ കിതപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന, ഇടയ്ക്കിടെ ബോധം കെട്ടുവീഴല്‍ എന്നീ രോഗലക്ഷണങ്ങളോട് കൂടിയാണ് മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി ഒപിയില്‍ വന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ഇവരുടെ ഹൃദയത്തിന്റെ അകത്തുള്ള അയോര്‍ട്ടിക് വാല്‍വ് വളരെ അധികം ചുരുങ്ങിയതായി കണ്ടെത്തുകയായിരുന്നു.
നെഞ്ചോ, ഹൃദയമോ തുറക്കാതെ കാലിലെ രക്തകുഴലിലൂടെ കത്തീറ്റര്‍ എന്ന ഒരു ട്യൂബ് കടത്തി, ഒരു ബലൂണ്‍ ഉപയാഗിച്ച് ചുരുങ്ങിയ വാല്‍വ് വികസിപ്പിക്കുകയും തുടര്‍ന്ന് മറ്റൊരു കത്തീറ്റര്‍ ട്യൂബിലൂടെ കൃത്രിമ വാല്‍വ് ഹൃദയത്തിലേക്ക് എത്തിച്ച് അവിടെ സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ടിഎവിആര്‍ ചികിത്സ. ചികിത്സാ സമയത് രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാകാവുന്ന തരത്തില്‍ രക്തധമനി പൊട്ടാനോ, ഹൃദയമിടിപ്പ് നിലച്ചു പോകാനോ, ഹൃദയത്തിലേക്കുള്ള രക്തധമനി അടഞ്ഞു പോകാനോ, കൃത്രിമ വാല്‍വ് ഇളകിപ്പോകാനോ സാധ്യതയുണ്ട്. അതിനാല്‍ ചികിത്സാ വേളയില്‍ വളരെയധികം ശ്രദ്ധ ആവശ്യമാണ്.