കേരളം ആവശ്യപ്പെട്ടപ്പോള്‍ കാലതാമസം ; ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന്റെ പേരില്‍ തമിഴ്‌നാടിന് 944 കോടി കേന്ദ്രസഹായം

കേരളം ആവശ്യപ്പെട്ടപ്പോള്‍ കാലതാമസം ; ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന്റെ പേരില്‍ തമിഴ്‌നാടിന് 944 കോടി കേന്ദ്രസഹായം


ചെന്നൈ: കാലതാമസം ഉള്‍പ്പെടെയുള്ള കാര്യം പറഞ്ഞ് വയനാട് ദുരന്തത്തിന് നേരെ കണ്ണടച്ച കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞയാഴ്ച വീശിയടിച്ച ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് തമിഴ്‌നാടിന് സഹായമായി 944.80 കോടി രൂപ അനുവദിച്ചു. പുതുച്ചേരിയിലും തമിഴ്നാട്ടിലും ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ അയയ്ക്കുകയും ചെയ്തിട്ടുണ്ട്്.

എന്നിരുന്നാലും തമിഴ്‌നാട് ആവശ്യപ്പെട്ടതിന്റെ നേര്‍ പകുതിപോലുമില്ല. 14 ജില്ലകളേയും 1.5 കോടി ജനങ്ങളേയും നേരിട്ട് ചുഴലിക്കാറ്റ് ബാധിച്ചെന്നും 40 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും 69 ലക്ഷം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടി വന്നെന്നും ചൂണ്ടിക്കാട്ടി തമിഴ്‌നാട് എംപി മാര്‍ 2000 കോടിയുടെ സഹായമാണ് ആവശ്യപ്പെട്ടത്. അനുവദിച്ച പണം രണ്ടു ഗഡുക്കളായി നല്‍കാനാണ് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയത്.

പ്രളയം ബാധിച്ച തമിഴ്നാടിന് 2000 കോടി ആവശ്യപ്പെട്ടത് രാജ്യസഭയില്‍ ഡിഎംകെ അംഗം തിരുച്ചി ശിവയായിരുന്നു. ചുഴലികാറ്റിനെ തുടര്‍ന്ന് 30 വര്‍ഷത്തിന് ശേഷമുള്ള റെക്കോര്‍ഡ് മഴയാണ് പുതുച്ചേരിയില്‍ രേഖപ്പെടുത്തിയത്. കടലൂര്‍, വിഴുപ്പുറം ഭാഗങ്ങളിലും മഴയും വെള്ളപ്പൊക്കവും കുഴപ്പം സൃഷ്ടിച്ചു. അതേസമയം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ ആവശ്യത്തോട് കേന്ദ്രം മുഖം തിരിച്ചിരുന്നു.

വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ സഹായം വൈകാന്‍ കാരണം കേരള സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനം കൊണ്ടാണെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തേ വയനാട് എംപി പ്രിയങ്കാ ഗാന്ധി സമര്‍പ്പിച്ച നിവേദനത്തിന് നല്‍കിയ മറുപടി. ദുരന്തബാധിതര്‍ക്ക് സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ട് ഏറെ വൈകി നവംബര്‍ 13നാണ് കേരളം കൈമാറിയതെന്നും പുനര്‍നിര്‍മാണത്തിനായി 2219 കോടി വേണമെന്ന കേരളത്തിന്റെ ആവശ്യം പരിശോധിച്ചു വരികയാണെന്നുമാണ് കേന്ദ്രത്തിന്റെ മറുപടി.

അതേസമയം വയനാട് വിഷയത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ഫണ്ട് കണക്കുകളില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തത വരുത്തും. ദുരന്ത നിവാരണ അതോറിറ്റിയിലെ അക്കൗണ്ട്‌സ് ഓഫീസര്‍ കണക്കുകളില്‍ വ്യക്തത വരുത്തും. വയനാട് പുനരധിവാസത്തിനായി എത്ര തുക ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കും.

ദുരന്തം ഉണ്ടായ സമയത്ത് എസ്ഡിആര്‍എഫ് അക്കൗണ്ടില്‍ എത്ര തുക ഉണ്ടായിരുന്നുവെന്നും വയനാടിനായി ഉപയോഗപ്പെടുത്താന്‍ കഴിയുന്ന തുകയിലും വിശദീകരണം നല്‍കും. എത്ര ഫണ്ട് വയനാട് ദുരന്തത്തിനായി നല്‍കിയെന്നതിലും ഇനിയെത്ര നല്‍കുമെന്നതിലും കേന്ദ്ര സര്‍ക്കാരും വിശദീകരണം നല്‍കും. ദുരന്ത ശേഷം നല്‍കിയ ഇടക്കാല സഹായത്തിലും കേന്ദ്ര സര്‍ക്കാര്‍ വ്യക്തത വരുത്തും