തങ്ങളെ കയ്യേറ്റം ചെയ്‌തെന്ന് എംപിമാര്‍ ; രാഹുല്‍ഗാന്ധിക്കെതിരേ പോലീസ് കേസും

തങ്ങളെ കയ്യേറ്റം ചെയ്‌തെന്ന് എംപിമാര്‍ ; രാഹുല്‍ഗാന്ധിക്കെതിരേ പോലീസ് കേസും


ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എതിരേയുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തിന് പിന്നാലെ ബിജെപി എംപിയെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കെതിരെ പോലീസ് കേസെടുത്തു. വ്യാഴാഴ്ച പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കി, ബിജെപിയും കോണ്‍ഗ്രസും പരസ്പരം ബലപ്രയോഗം നടത്തിയതോടെയാണ് കയ്യാങ്കളിയും പോലീസ് കേസുമായി മാറിയത്.

രണ്ട് ബിജെപി എംപിമാരായ പ്രതാപ് സാരംഗി, മുകേഷ് രാജ്പുത് എന്നിവര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റതായി പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു അവകാശപ്പെട്ടു. സമകാലിക ജാപ്പനീസ് ആയോധന കലയായ ഐക്കിഡോയില്‍ ബ്ലാക്ക് ബെല്‍റ്റുള്ളയാളാണ് രാഹുല്‍. എന്നാല്‍ അദ്ദേഹം എംപിമാരെ തോല്‍പ്പിക്കാന്‍ പഠിച്ചിട്ടുണ്ടോയെന്ന് റിജിജു ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി സാരംഗിയുമായും രജ്പുതുമായും സംസാരിച്ചതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം തന്റെ പാര്‍ലമെന്റിലേക്കുള്ള പ്രവേശനം തടയുന്നത് ഒരു കൂട്ടം ബി.ജെ.പി എം.പിമാരാണെന്നും അവര്‍ തന്നെയും കോണ്‍ഗ്രസ് മേധാവി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും ഉന്തും തള്ളും നടത്തുകയായിരുന്നെന്നും അതാണ് സംഘര്‍ഷത്തിന് കാരണമായതെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു.

'ഞാന്‍ അകത്തേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു... പക്ഷേ ബിജെപി എംപിമാര്‍ എന്നെ തടയാന്‍ ശ്രമിക്കുകയായിരുന്നു; അവര്‍ എന്നെ തള്ളിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് പാര്‍ലമെന്റാണ്, ഞങ്ങള്‍ക്ക് അകത്തേക്ക് പോകാന്‍ അവകാശമുണ്ടെന്ന് രാഹുലും പറഞ്ഞു. രാഹുല്‍ഗാന്ധി മൂന്നാമത്തെ ഒരു എംപിയെ തന്റെ മുകളിലേക്ക് തള്ളിവിടുകയായിരുന്നെന്നും അദ്ദേഹം തന്റെ മേല്‍ വീണതാണ് തലയ്ക്ക പരിക്കേല്‍ക്കാന്‍ കാരണമായതെന്നാണ് ബിജെപി എംപി സാരംഗി പറഞ്ഞത്്.